ജലക്ഷാമം; കാവേരിയിലെ ജലം തമിഴ്‌നാടിന് വിട്ടുനൽകില്ലെന്ന് ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: കാവേരി ജലം ഒരു കാരണവശാലും തമിഴ്‌നാടിന് വിട്ടുനൽകില്ലെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് കാവേരിയിലെ വെള്ളം തുറന്നുവിടുന്നുവെന്ന ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ബംഗളൂരുവിനു വേണ്ടിയാണ് വെള്ളം തുറന്ന് വിടുന്നതെന്നും തമിഴ്നാടിനല്ലെന്നും ശിവകുമാർ വ്യക്തമാക്കി.
"കാവേരി നദീജലം ഒരു കാരണവശാലും ഇപ്പോൾ തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല.തമിഴ്‌നാടിലേക്ക് എത്ര വെള്ളം ഒഴുകുന്നു എന്നതിന് കണക്കുണ്ട്. ഇന്ന് വെള്ളം തുറന്നു വിട്ടാലും അവിടെ എത്താൻ നാല് ദിവസമെടുക്കും. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാൻ സർക്കാർ വിഡ്ഢികളല്ല -ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തമിഴ്നാടിന് വെള്ളം നൽകുന്നുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച ജില്ലാ ആസ്ഥാനമായ മാണ്ഡ്യയിൽ കർഷക ഹിതരക്ഷാ സമിതി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വരൾച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് കെ.ആർ.എസ് അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടതെന്ന ആരോപണം ഉയർന്നിരുന്നു.
കർണാടകയിലെ കർഷകരുടെയും പൗരന്മാരുടെയും ചെലവിൽ പാർട്ടിയുടെ സഖ്യകക്ഷിയായ ഡി.എം.കെയുടെ താൽപ്പര്യം സംരക്ഷിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പിയും കോൺഗ്രസിനെതിരെ വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.