വിശാല ടിപ്ര ലാൻഡിനെ പിന്തുണക്കില്ലെന്ന് ത്രിപുര മുഖ്യമന്ത്രി
text_fieldsഅഗർത്തല: വിശാല ടിപ്ര ലാൻഡ് എന്ന ടിപ്ര മോത പാർട്ടിയുടെ ആവശ്യം ത്രിപുരയിൽ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി മണിക് സാഹ തള്ളി. ബി.ജെ.പി സർക്കാർ ഒരിക്കലും ഈ ആവശ്യത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിപ്ര മോതയെ ബി.ജെ.പി സഖ്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് മണിക് സാഹയുടെ പ്രസ്താവന.
ബുധനാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ എന്നിവരുമായി ടിപ്ര മോത നേതാവ് പ്രദ്യോത് കിഷോർ ദെബർമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കണ്ട ദെബർമ, ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ മധ്യസ്ഥനെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, ചർച്ചയിൽ ഗോത്ര വർഗക്കാരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനമാണ് വിഷയമായതെന്നും മധ്യസ്ഥനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മണിക് സാഹ പറഞ്ഞു. ഗോത്ര വർഗക്കാരുടെ ക്ഷേമം ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യസർക്കാറിന്റെ മുൻഗണന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മണിക് സാഹയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷാ, തിപ്ര മോത നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ, മണിക് സാഹയുടെ പ്രസ്താവനക്ക് ദെബർമ പ്രതികരിച്ചിട്ടില്ല.വിശാല ടിപ്ര ലാൻഡ് എന്ന ആവശ്യമുന്നയിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ടിപ്ര മോത 13 സീറ്റുകളിൽ ജയിച്ചിരുന്നു. 60 അംഗ നിയമസഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് ടിപ്ര മോത.അമിത് ഷായുമായുള്ള ചർച്ചക്ക് പിന്നാലെ ടിപ്ര മോത ബി.ജെ.പി സഖ്യത്തിലേക്ക് വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മന്ത്രിസഭയിൽ മൂന്നു മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടത് ടിപ്ര മോതക്കുവേണ്ടിയാണെന്ന് സൂചനയുണ്ട്.
എന്നാൽ, ഇപ്പോൾ മന്ത്രിസഭയിൽ ചേരില്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്നുമാണ് ടിപ്ര മോത നേതാവ് പറഞ്ഞത്. തങ്ങൾ ഉന്നയിച്ച വിഷയത്തിൽ കേന്ദ്രം എന്തു നടപടി സ്വീകരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുകയെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാറുണ്ടാക്കുക എന്നതിന് പുറമേ അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമാണ് ടിപ്ര മോതയെ കൂടെ കൂട്ടുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തലുണ്ട്. ഇത്തവണ 2018ലേതിനെക്കാൾ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിന് 11 സീറ്റ് കുറവാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.