നിയമസഭ സമ്മേളനം: കുക്കി എം.എൽ.എമാരെ നേരിട്ട് ക്ഷണിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി
text_fieldsഇംഫാൽ: ജൂലൈ 31ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ കുക്കി-സോ വിഭാഗത്തിൽനിന്നുള്ള എം.എൽ.എമാരെ താൻ നേരിട്ട് ക്ഷണിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. വംശീയ കലാപത്തെത്തുടർന്ന് രണ്ട് മന്ത്രിമാർ ഉൾപ്പെടെ 10 കുക്കി എം.എൽ.എമാർ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നില്ല. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അവർ ഞങ്ങളോടൊപ്പം തുടരണമെന്നും സഹകരിക്കാൻ തയാറാണെന്നും ബിരേൻ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുക്കി എം.എൽ.എമാർ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളും മിനിറ്റുകൾക്കകം നിർത്തിവെച്ചിരുന്നു. അതിനിടെ, സംസ്ഥാനത്തെ ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട വീട് ആക്രമികൾ കത്തിച്ചു. പ്രദേശത്ത് കലാപമുണ്ടായപ്പോൾ ഉടമ ഉപേക്ഷിച്ചതായിരുന്നു വീടെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ സുരക്ഷ സേന തിരച്ചിൽ നടത്തുന്നുണ്ട്.
മണിപ്പൂരിൽ സമാധാനനില കൈവരിച്ചിട്ടുണ്ടെന്നും അത് നിലനിർത്താൻ കൂട്ടായ പരിശ്രമം വേണമെന്നും, ഇംഫാലിൽ പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെ, മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. എല്ലാ അക്രമപ്രവർത്തനങ്ങളും സാർവത്രികമായി അപലപിക്കപ്പെടുകയും അവ തടയാൻ ശ്രമിക്കുകയും ചെയ്യണം. കേന്ദ്ര ബജറ്റിൽ മണിപ്പൂരിന് സഹായം നൽകിയില്ലെന്ന കോൺഗ്രസിന്റെ ആരോപണം ബിരേൻ സിങ് തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.