നീതിയുടെ വഴിയിൽ ജോലി തടസ്സമായാൽ ഉപേക്ഷിക്കും; അതിന് പത്ത് സെക്കൻഡ് പോലും വേണ്ടെന്നും ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: നീതിയുടെ വഴിയിൽ ജോലി ഒരു തടസ്സമായാൽ അത് ഉപേക്ഷിക്കാനും തയാറാണെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. തങ്ങൾ നേടിയ മെഡലുകളെ അപമാനിക്കുന്നവർ ഇപ്പോൾ തങ്ങളുടെ ജോലിക്കു പുറകെയാണെന്നും ഒളിമ്പിക് മെഡൽ ജേതാക്കളായ വിനേശ് ഫോഗട്ടും ബജ്റംഗ് പുനിയയും കുറ്റപ്പെടുത്തി.
ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ചാണ് താരങ്ങൾ സമരം ചെയ്യുന്നത്. ജീവിതം അപകടത്തിലാണെന്നും ജോലി നീതിയുടെ വഴിയിൽ ഒരു തടസ്സമായി കണ്ടാൽ തങ്ങൾ ജോലി ഉപേക്ഷിക്കാൻ തയാറാണെന്നും ഫോഗട്ടും പുനിയയും ട്വിറ്ററിൽ കുറിച്ചു. ‘ഞങ്ങളുടെ മെഡലുകൾക്ക് 15 രൂപ വിലയുണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ ഞങ്ങളുടെ ജോലിക്ക് പിന്നാലെയാണ്. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്, അതിനു മുന്നിൽ ഒരു ജോലി വളരെ ചെറിയ കാര്യമാണ്. ജോലി നീതിയുടെ വഴിയിൽ തടസ്സമാണെന്ന് കണ്ടാൽ, അത് ഉപേക്ഷിക്കാൻ ഞങ്ങൾക്ക് പത്ത് സെക്കൻഡ് പോലും വേണ്ട. ജോലി നഷ്ടപ്പെടുന്നതിനെ ഭയക്കുന്നില്ല’ -താരങ്ങൾ ട്വിറ്ററിൽ കുറിച്ചു.
സമരത്തിൽനിന്ന് ഗുസ്തിതാരങ്ങൾ പിന്മാറിയെന്ന തരത്തിൽ നേരത്തെ പ്രചാരണം നടന്നിരുന്നു. പിന്നാലെ വാർത്ത നിഷേധിച്ച് സാക്ഷി മാലികും ബജ്റംഗ് പുനിയയും രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി രണ്ടു ദിവസത്തിന് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച താരങ്ങൾ, സമരത്തിൽനിന്ന് പിന്മാറിയതായാണ് വാർത്ത പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് സാക്ഷി ട്വിറ്ററിലൂടെ അറിയിച്ചു.
‘ഈ വാർത്ത പൂർണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനി പിൻമാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയിൽവേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിർവഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നത് വരെ ഞങ്ങൾ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ – സമരത്തിൽനിന്ന് പിന്മാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സാക്ഷി ട്വിറ്ററിൽ കുറിച്ചു.
സമരത്തിൽനിന്ന് പിന്മാറിയെന്ന വാർത്ത ബജ്‌റങ് പുനിയയും നിഷേധിച്ചു. ‘സമരത്തിൽനിന്ന് പിൻവാങ്ങിയെന്ന വാർത്ത അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തിൽനിന്ന് പിന്മാറുകയോ ചെയ്തിട്ടില്ല. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട വാർത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും’ – ബജ്റംഗ് പൂനിയ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.