ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കും- വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി. ‘തേന്‍കണി’യില്‍ (ഹണിട്രാപ്) കുടുങ്ങി അഭിഷേക് വര്‍മക്ക് വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിഷേക് വർമ്മയെ നേരത്തേ അറിയാമെങ്കിലും ആരോപണങ്ങള്‍ വാസ്തവമല്ലെന്ന് വരുണ്‍ പറഞ്ഞു. 2002ല്‍ ലണ്ടനില്‍വെച്ചാണ് അഭിഷേകിനെ കണ്ടത്. അന്ന് താന്‍ പൊതുരംഗത്ത് ഇല്ലായിരുന്നുവെന്നും വരുണ്‍ പ്രതികരിച്ചു. ആരോപണമുന്നയിച്ച സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവുമാണ് വരുൺ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്മണ്ട് അലന്‍ എന്ന അഭിഭാഷകന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തും ഇവര്‍ പുറത്തുവിട്ടു.
ഡിഫന്‍സ് കണ്‍സല്‍റ്റീവ് കമ്മിറ്റി അംഗം കൂടിയായ വരുണ്‍ ആയുധ ഇടപാട് സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് ഭൂഷണും യോഗേന്ദറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അഭിഷേക് വര്‍മ, വരുണിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, 2004നുശേഷം അഭിഷേകിനെ കണ്ടിട്ടില്ളെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നത് വാസ്തവ വിരുദ്ധമാണെന്നും വരുണ്‍ പ്രതികരിച്ചു. 2006ല്‍ നാവികസേനയിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ അഭിഷേക് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. 2012വരെ അഭിഷേകിന്‍െറ ബിസിനസ് പാര്‍ട്ണറായിരുന്നു അലന്‍.
സ്കോര്‍പീന്‍ അന്തര്‍വാഹിനി ഇടപാട് സംബന്ധിച്ച് 2006ല്‍ പാര്‍ലമെന്‍റില്‍ ആരോപണം ഉന്നയിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. ഇപ്പോള്‍ ഭരണത്തിലേറിയിട്ടും ആ കരാറിന് മധ്യസ്ഥത വഹിച്ച ഫ്രഞ്ച് കമ്പനിയായ തെയ്ല്‍സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ളെന്ന് ഭൂഷണ്‍ പറഞ്ഞു. മാത്രമല്ല, റാഫേല്‍ വിമാനമുള്‍പ്പെടെ പുതിയ കരാറും സര്‍ക്കാര്‍ ഉറപ്പിച്ചു. ഇതിന് അഭിഷേക് വര്‍മയുടെ ഇടപെടലുണ്ടെന്നും ഇവര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.