രാഹുൽ വയനാട് കൈവിടുമോ?
text_fieldsന്യൂഡൽഹി: യു.പിയിലെ കൂടുതൽ സുരക്ഷിത മണ്ഡലമായ റായ്ബറേലിയിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായത് വയനാടിനെക്കുറിച്ച ചർച്ച കേരളത്തിലും ദേശീയ തലത്തിലും സജീവമായി. വയനാട്ടിലും റായ്ബറേലിയിലും ജയിക്കാൻ സാധ്യതയുള്ള രാഹുൽ ഏതു മണ്ഡലം നിലനിർത്തും; എതു കൈവിടും? റായ്ബറേലി തട്ടകമാക്കി വയനാട്ടിൽനിന്ന് രാഹുൽ പിൻവാങ്ങാനാണ് സാധ്യതയേറെ.
ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ ഉത്തർപ്രദേശിൽനിന്ന് തെരഞ്ഞെടുക്കപ്പെടുക വഴി ദേശീയ രാഷ്ട്രീയത്തിന് നൽകുന്ന സന്ദേശം പ്രധാനമാണ്. അമേത്തിയും റായ്ബറേലിയും നെഹ്റുകുടുംബത്തിന്റെ തട്ടകവുമാണ്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഓടിപ്പോകലാണെന്ന പരിഹാസം മാത്രമല്ല ബി.ജെ.പി കഴിഞ്ഞ തവണയും ഇക്കുറിയും ഉയർത്തിയത്.
ന്യൂനപക്ഷ വോട്ടുകൾ ഗണ്യമായി സ്വാധീനിക്കുന്ന രാഹുലിന്റെ വയനാടൻ മത്സരം സാമുദായിക ഭിന്നിപ്പിനും ബി.ജെ.പി ദുരുപയോഗിച്ചു. ലീഗ് ബന്ധം, പച്ചക്കൊടി എന്നിവ ദേശീയ തലത്തിൽ ചർച്ചയാക്കി.
ഇതിനെല്ലാമിടയിൽ, യു.പിയിൽ രാഹുൽ ജയിക്കേണ്ടത് പ്രധാനമാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. അമേത്തിയിൽ വീണ്ടും മത്സരിക്കുന്നതിനേക്കാൾ, ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിലേക്ക് രാഹുൽ മാറുന്നതാണ് ഭാവിയിലേക്ക് കൂടുതൽ പ്രയോജനപ്പെടുകയെന്നും കണക്കു കൂട്ടുന്നു.
വയനാട്ടിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന സ്ഥിതിയുണ്ട്. അത്തരം ചർച്ചകളുടെ മൂർച്ച കുറക്കാൻ റായ്ബറേലിയിലെ ആദ്യ ജയം സഹായിക്കും. കഴിഞ്ഞ തവണ സോണിയ ഗാന്ധി 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽ ജയിച്ചത്. യു.പിയിലെ മോദി-ബി.ജെ.പി തേരോട്ടത്തിനിടയിലും കോൺഗ്രസിന്റെ മാനം ചോർത്താത്ത മണ്ഡലമാണ് റായ്ബറേലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.