ഇന്ത്യയിലല്ലാതെ പാകിസ്താനിലും അഫ്ഗാനിലും രാമനവമി നടത്താൻ പറ്റുമോയെന്ന് ഗിരിരാജ് സിങ്
text_fieldsന്യുഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ പ്രതികരിച്ച് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലെ 'ഗംഗ-ജമൂനി തഹ്സീബി'നെ (സമന്വയ സംസ്കാരം) തകർക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മധ്യസമതലങ്ങളിൽ ഗംഗ, യമുന നദികളുടെ തീരത്തുണ്ടായിരുന്ന ദോവാബ് പ്രദേശത്തിന്റെ സംസ്കാരമായിരുന്നു ഗംഗ-ജമൂനി തഹ്സീബ്. മുസ്ലിം-ഹിന്ദു മത സാംസ്‌കാരിക ഘടകങ്ങളുടെ സമന്വയങ്ങളുള്ള ഈ സംസ്കാരം ഹിന്ദു-മുസ്‌ലിം സൗഹാർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ അല്ലാതെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രകൾ നടത്താന്‍ കഴിയുമോയെന്നും ഗിരിരാജ് സിങ് ചോദിച്ചു. 1947ലെ വിഭജനത്തിലൂടെ മതത്തിന്‍റെ പേരിൽ പോകേണ്ടവരെല്ലാം പാകിസ്താനിലേക്ക് പലായനം ചെയ്തു. നമ്മുടെ രാജ്യത്ത് നമ്മുടെ മതപരമായ ആചാരങ്ങൾ ആഘോഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസദുദ്ദീൻ ഉവൈസിയെ പോലുള്ള ആളുകൾ ഹിന്ദുപാതയെന്നും മുസ്ലിംപാതയെന്നും പൊതു പാതകളെ വേർതിരിച്ചിരിക്കുന്നത് എന്തിനാണെന്നും ഗിരിരാജ് സിങ് ചോദിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പള്ളികൾ നിർമ്മിക്കുന്നതിനെ ആരും എതിർത്തിട്ടില്ലെന്നും എന്നാൽ, പാകിസ്താനിൽ എത്രയോ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ കലാപങ്ങളിലൂടെ ഞങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഞങ്ങളുടെ സഹിഷ്ണുത പരീക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്ലിം ജനസംഖ്യയിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രകോപനപരവും ധ്രുവീകരണപരവുമായ വർഗീയ പ്രസ്താവനകളുടെ പേരിൽ പല തവണ ഗിരിരാജ് സിങ് വിമർശിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.