എം.പിയായി തുടരുമെന്ന്; മുൻ നിലപാടിൽ മലക്കംമറിഞ്ഞ് ബാബുൽ സുപ്രിയോ
text_fieldsന്യൂഡൽഹി: രാഷ്ട്രീയം വിടുന്നതായ പ്രഖ്യാപനത്തിൽ തിരുത്തുമായി മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോ. രാഷ്ട്രീയം വിടുന്നതോടൊപ്പം എം.പി സ്ഥാനം രാജിവെക്കുമെന്നായിരുന്നു ബാബുൽ സുപ്രിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ, എം.പി സ്ഥാനം രാജിവെക്കില്ലെന്നും പാർലമെന്‍റിൽ തുടരുമെന്നുമാണ് പുതിയ പ്രസ്താവന.
പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ലോക്സഭ എം.പിയാണ് സുപ്രിയോ. 'അസൻസോൾ എം.പിയായി ഭരണഘടനാപരമായി പ്രവർത്തനം തുടരും. എന്നാൽ, അതിനപ്പുറമുള്ള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കും. മറ്റൊരു പാർട്ടിയുടെയും ഭാഗമാകില്ല. ഡൽഹിയിലെ എം.പി വസതി ഉടൻ ഒഴിയും. സുരക്ഷ ഉദ്യോഗസ്ഥരെ ഒഴിവാക്കും' -ബാബുൽ സുപ്രിയോ പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പ്രഖ്യാപനം.
രണ്ട് തവണ പാർലമെന്‍റ് അംഗമായ സുപ്രിയോക്ക് ജൂലൈ ഏഴിന് മോദി മന്ത്രി സഭ പുനസംഘടിപ്പിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത്. സുപ്രിയോ അമർഷത്തിലാണെന്ന് പലകുറി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് തുടർച്ചയായാണ് രാഷ്ട്രീയം വിടുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.
ഒന്നാം മോദി സർക്കാരിലും ബാബുൽ സുപ്രിയോ മന്ത്രിയായിരുന്നു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുപ്രിയോ തൃണമൂൽ കോൺഗ്രസിന്‍റെ അനൂപ് ബിശ്വാസിനോട് പരാജയപ്പെട്ടിരുന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷുമായി സുപ്രിയോക്ക് നല്ല ബന്ധമല്ല ഉള്ളത്. ഗായക വേഷത്തിൽ പ്രസിദ്ധനായ സുപ്രിയോ 2014ലാണ് ബി.ജെ.പിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.