മുഗളൻമാരുടെ കാലത്തെ സ്ഥലനാമങ്ങൾ പുനർനാമകരണം ചെയ്യണം -സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: മുഗളൻമാരുടെ കാലത്തെ സ്ഥലനാമങ്ങൾ കണ്ടെത്തി തിരുത്തണമെന്ന് പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഉൾപ്പെടെയുള്ള ഉദ്യാനങ്ങൾക്ക് ‘അമൃത് ഉദ്യാൻ’ എന്ന പൊതുനാമം നൽകിയ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
‘മുഗളന്മാർ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവരുടെ പേരിലുള്ള എല്ലാ സ്ഥലങ്ങളും കണ്ടെത്തി പുനർനാമകരണം ചെയ്യണം. ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കുള്ളിൽ എല്ലാ ബ്രിട്ടീഷ്, മുഗൾ പേരുകളും നീക്കം ചെയ്യും’ -സുവേന്ദു അധികാരി എ.എൻ.ഐയോട് പറഞ്ഞു.
പൂന്തോട്ടങ്ങൾക്ക് പൊതുനാമം നൽകാനുളള രാഷ്ട്രപതി ഭവന്റെ തീരുമാനത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് സ്വാഗതം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങൾ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിൽ ആഘോഷിക്കുന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയായാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾക്കെല്ലാം അമൃത് ഉദ്യാൻ എന്ന പേര് നൽകിയത്.
രാഷ്ട്രപതി ഭവന്റെ ഉദ്യാനങ്ങൾക്ക് ‘അമൃത് ഉദ്യാൻ’ എന്ന പൊതുനാമം നൽകിയതായി രാഷ്ട്രപതിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത പറഞ്ഞു.
അമൃത് ഉദ്യാനം ജനുവരി 31ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിക്കും.
രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളിൽ കിഴക്കൻ പുൽത്തകിടി, സെൻട്രൽ ലോൺ, ലോങ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. മുൻ രാഷ്ട്രപതിമാരായ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെയും രാംനാഥ് കോവിന്ദിന്റെയും കാലത്ത് കൂടുതൽ പൂന്തോട്ടങ്ങൾ വികസിപ്പിച്ചെടുത്തു - ഹെർബൽ-I, ഹെർബൽ-II, ടാക്റ്റൈൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, ആരോഗ്യ വനം എന്നിവയാണ് ഇക്കാലങ്ങളിൽ വികസിപ്പിച്ചത്. ഇവക്കെല്ലാം കൂടിയാണ് അമൃത് ഉദ്യാൻ എന്ന പേര് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.