ആം ആദ്മി പാർട്ടി അംഗത്വം ഉടൻ രാജി വെക്കും -അൽക്ക ലാംബ എം.എൽ.എ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വം താൻ രാജി വെക്കാൻ പോവുകയാണെന്ന് അൽക്ക ലാംബ എം.എൽ.എ. പാർട്ടിക്കുള്ളിൽ നിന്നുള്ള തിക്താനുഭവങ്ങളാണ് രാജിയിലേക്ക് നയിക്കുന്നത്. ചാന്ദ്നിചൗക്കിൽ നിന്നുള്ള നിയമസഭാംഗമാണ് അൽക്ക ലാംബ.
‘‘ജനങ്ങളുമായി ചർച്ച ചെയ്തിട്ട് വേണം തീരുമാനം കൈക്കൊളേളണ്ടതെന്നാണ് ഞാൻ കരുതുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള എല്ലാ ബന്ധവും പൊട്ടിച്ചെറിയാനും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജി വെക്കുവാനും തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ രാജി എഴുതി നൽകും. എന്നാൽ എം.എൽ.എയായി തുടരും’’ അൽക്ക ലാംബ വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് അൽക്ക ലാംബ പാർട്ടിയിൽ നിന്നുളള തൻെറ രാജി പ്രഖ്യാപിക്കുന്നത്. മുതിർന്ന നേതാക്കളിൽ നിന്ന് അടിക്കടിയുണ്ടായ അപമാനകരമായ പെരുമാറ്റമാണ് രാജിവെക്കാനുള്ള തീരുമാനത്തിന് കാരണമായതെന്ന് അവർ വ്യക്തമാക്കി. തന്നെ യോഗത്തിന് ക്ഷണിക്കാറില്ല. പലതവണ അപമാനിക്കപ്പെട്ടു. 20 വർഷം കോൺഗ്രസിൽ നിന്നു. തനിക്ക് ആം ആദ്മി പാർട്ടിയിൽ നിന്ന് അടിസ്ഥാന ബഹുമാനം പോലും കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, അൽക ലാംബയുടെ രാജി പ്രഖ്യാപനം വെറും പബ്ലിസിറ്റി സ്റ്റംണ്ട് മാത്രമാണെന്ന് ആം ആദ്മി പാർട്ടി നേതൃത്വം പ്രതികരിച്ചു. രാജി വെക്കുകയാണെന്ന് അൽക്ക ലാംബ മുമ്പും പല തവണ പ്രഖ്യാപിച്ചിട്ടുണ്ട്. എം.എൽ.എ സീറ്റ് നഷ്ടപ്പെടുമെന്ന ഭയമാണവർക്ക്. രാജി വെക്കേണ്ടതുണ്ടെങ്കിൽ രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് നൽകണം. അത് അവർ ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിക്കുന്നത് നാടകമാെണന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.