‘പാകിസ്താനിലെത്തിയത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ, ഇന്ത്യയിലേക്ക് തിരിച്ചുവരും’; ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പോയ യുവതി
text_fieldsപാകിസ്താനിലേക്ക് കടന്നത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാനെന്ന വാർത്ത നിഷേധിച്ച് ഇന്ത്യൻ യുവതി. രാജസ്ഥാൻ ഭിവാദി ജില്ലയിലെ അഞ്ജു എന്ന 35കാരിയാണ് പാകിസ്താനിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് നസ്‍റുല്ലയെ (29) കാണാനാണ് ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ അഞ്ജു പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പോയതെന്നായിരുന്നു വാർത്ത. പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാക് സ്വദേശിനി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത് വിവാദമായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ യുവതി പാകിസ്താനിലെത്തിയത്. ഇതോടെ സംഭവം ഏറെ ചർച്ചയായി. ഇതിനു പിന്നാലെയാണ് യുവതി ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്.
തനിക്ക് നസ്റുല്ലയുമായി മികച്ച സുഹൃദ് ബന്ധം മാത്രമാണ് ഉള്ളതെന്നും അത് ഇരു കുടുംബങ്ങൾക്കും അറിയാമെന്നും യുവതി പ്രതികരിച്ചു. ഇവിടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനും സ്ഥലങ്ങൾ കാണാനുമാണ് എത്തിയത്. സീമ ഹൈദറുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നസ്റുല്ലയെ വിവാഹം കഴിക്കുന്നില്ല. മാധ്യമങ്ങൾ ഇത് പൊലിപ്പിക്കുകയാണ്. 2020 മുതലാണ് ഞങ്ങൾ സൗഹൃദം തുടങ്ങിയത്. അന്ന് മുതൽ വാട്സ് ആപ് വഴി ആശയവിനിമയം നടത്താറുണ്ട്. ഇക്കാര്യം ആദ്യ ദിവസം തന്നെ മാതാവിനോടും സഹോദരിയോടും പറഞ്ഞിട്ടുണ്ട്. നാല് ദിവസത്തിനകം ഇന്ത്യയിലേക്ക് തിരിച്ചു വരും.
താൻ ജയ്പൂരിൽ സ്ഥലങ്ങൾ കാണാൻ പോകുകയാണെന്നാണ് ഭർത്താവിനോട് പറഞ്ഞതെന്നും ശേഷം പാകിസ്താനിലെത്തിയതെന്നും യുവതി സമ്മതിച്ചു. ഭർത്താവുമായി നല്ല ബന്ധത്തിലല്ല, വേർപിരിയാൻ പോകുകയാണ്. കുട്ടികളെ കരുതിയാണ് അദ്ദേഹത്തോടൊപ്പം നിൽക്കുന്നത്. ഇന്ത്യയിലെത്തി ബന്ധം വേർപ്പെടുത്തുകയും കുട്ടികൾക്കൊപ്പം കഴിയുകയും ചെയ്യും. വാഗ അതിർത്തി വഴിയാണ് പാകിസ്താനിലെത്തിയതെന്നും താൻ ഇവിടെ സുരക്ഷിതയാണെന്നും അഞ്ജു കൂട്ടിച്ചേർത്തു.
തങ്ങൾ പ്രണയത്തിലാണെന്ന വാദം നസ്റുല്ലയും നിഷേധിച്ചു. അഞ്ജു ആഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് യുവാവ് വാർത്ത ഏജൻസിയായ പി.ടി.ഐയെ ഫോണിൽ അറിയിച്ചു.
പാകിസ്താനിലെത്തിയ അഞ്ജുവിനെ അധികൃതർ കസ്റ്റഡിയിലെടുത്തെങ്കിലും യാത്ര രേഖകളുടെ അടിസ്ഥാനത്തിൽ വിട്ടയക്കുകയായിരുന്നു. 30 ദിവസത്തേക്ക് പാകിസ്താനില്‍ തങ്ങാൻ ഇവർക്ക് അനുമതിയുണ്ട്. ഞായറാഴ്ചയാണ് ഭാര്യ അതിർത്തി കടന്ന വിവരം അഞ്ജുവിന്‍റെ ഭര്‍ത്താവ് അരവിന്ദ് അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന് പറഞ്ഞ് വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. വാട്‌സ് ആപ് വഴി അഞ്ജു ഞായറാഴ്ച വൈകീട്ട് നാല് വരെ ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് യുവതി അറിയിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്ക് പോകാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020ലാണ് പാസ്‌പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. അഞ്ജു ക്രിസ്തുമതം സ്വീകരിച്ചാണ് ഭിവാഡിയിലെ വാടക ഫ്ലാറ്റിൽ അരവിന്ദിനും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദർ നേപ്പാൾ വഴി കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം ചെയ്ത സീമ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ യുവതി പാകിസ്താനിലെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.