ഹൈദരാബാദിൽ ഉവൈസിക്കെതിരെ സാനിയ? മണ്ഡലം തിരിച്ചു പിടിക്കാൻ നീക്കവുമായി കോൺഗ്രസ്
text_fieldsഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ ടെന്നീസ് താരം സാനിയ മിർസയെ കളത്തിലിറക്കാൻ കോൺഗ്രസിന്റെ സർപ്രൈസ് നീക്കം.സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും കണക്കിലെടുത്താണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എ.ഐ.എം.ഐ.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഹൈദരാബാദ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത് എന്നാണ് സൂചന. സാനിയയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് അസ്ഹറുദ്ദീന്. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അസദുദ്ദീൻ ആണ് സാനിയയുടെ സഹോദരി അനാം മിർസയെ വിവാഹം ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ 1980ലാണ് ഹൈദരാബാദിൽ ഏറ്റവും ഒടുവിൽ കോൺഗ്രസ് വിജയിച്ചത്. അന്ന് കെ.എസ്. നാരായൺ ആയിരുന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. 1984ൽ സുൽത്താൻ സലാഹുദ്ദീൻ ഉവൈസി ഹൈദരാബാദിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 1989മുതൽ 1999 വരെ അദ്ദേഹം എ.ഐ.എം.ഐ.എമ്മിന്റെ സ്ഥാനാർഥിയായി മത്സരിച്ചു. സലാഹുദ്ദീൻ ഉവൈസിക്കു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ അസദുദ്ദീൻ ഉവൈസിയാണ് പാർട്ടിയുടെ മുഖം. 2004 മുതൽ അസദുദ്ദീൻ ഉവൈസിയാണ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീന് 517,471 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്ക് 49,944 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഗോവ, തെലങ്കാന, യു.പി, ഝാര്‍ഖണ്ഡ്, ദാമന്‍-ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച നടന്നിരുന്നു. സാനിയയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും യോഗം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.