സൗരവ് ഗാംഗുലി ബി.ജെ.പി സ്ഥാനാർഥിയാകുമോ? എല്ലാ കണ്ണുകളും മോദിയുടെ ബംഗാൾ റാലിയിലേക്ക്
text_fieldsകൊൽക്കത്ത: ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തം. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പ്രചാരണ ജാഥയിലേക്ക് ഗാംഗുലിയെ ക്ഷണിച്ചതോടെയാണ് ആകാംക്ഷ വർധിച്ചത്. എന്നാൽ, രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഗാംഗുലി പ്രതികരിച്ചിട്ടില്ല.
ഗാംഗുലിക്ക് ബംഗാളിലുള്ള സ്വീകാര്യത കണ്ടറിഞ്ഞ് പാർട്ടിയിലെത്തിക്കാനുള്ള നീക്കം ബി.ജെ.പി നേരത്തേ ആരംഭിച്ചിരുന്നു. നിരവധി സിനിമാ താരങ്ങൾ ഉൾപ്പെടെ പ്രമുഖരെ ബി.ജെ.പി തങ്ങളുടെ പാളയത്തിലെത്തിക്കുകയാണ്. അമിത് ഷായുമായും മകൻ ജെയ് ഷായുമായും ഗാംഗുലിക്കുള്ള അടുത്ത ബന്ധവും താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി.
രണ്ട് തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി വീട്ടിൽ വിശ്രമത്തിലാണുള്ളത്.
ഗാംഗുലിയെ റാലിയിലേക്ക് ക്ഷണിച്ചതായി ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കിയിരുന്നു.
''ഗാംഗുലി വീട്ടിൽ വിശ്രമത്തിലാണെന്ന് ഞങ്ങൾക്കറിയാം. ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാം. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുകയാണെങ്കിൽ അദ്ദേഹത്തിനും ആൾകൂട്ടത്തിനും അത് സന്തോഷമാവും. പക്ഷേ അതിനെക്കുറിച്ച് ഞങ്ങൾക്കറിയില്ല. തീരുമാനിക്കേണ്ടത് അദ്ദേഹമാണ്''-ബി.ജെ.പി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.