വരവരറാവുവിനെ ജയിൽ വാർഡിലേക്ക് മാറ്റാമെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസിൽ ജയിലിൽ കഴിയവെ ആരോഗ്യം ക്ഷയിച്ച് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന തെലുഗുകവി വരവരറാവുവിനെ ജെ.ജെ. മെഡിക്കൽ കോളജിലെ പ്രിസൺ വാർഡിലേക്ക് മാറ്റാൻ തയാറാണെന്ന് ബോംബെ ഹൈകോടതിയിൽ മഹാരാഷ്ട്ര സർക്കാർ. ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന വരവരറാവുവിെൻറ അപേക്ഷയിൽ വ്യാഴാഴ്ച സർക്കാർ നിലപാട് അറിയിക്കുകയായിരുന്നു.
കോടതി ഉത്തരവിനെ തുടർന്നാണ് വരവരറാവുവിനെ വിദഗ്ധ ചികിത്സക്കായി നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. തങ്ങളുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു. നിലവിൽ വരവരറാവു സുഖം പ്രാപിച്ചതായും ഡിസ്ചാർജ് ആവാമെന്നും ആശുപത്രി കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ, നേരത്തേ കഴിഞ്ഞ തലോജ ജയിലിലേക്ക് തിരിച്ചയക്കരുതെന്ന് റാവുവിെൻറ അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയിൽ പറഞ്ഞു.
റാവുവിന് പരിചരണം തുടർന്നും ആവശ്യമാണെന്നും ജയിൽ ആശുപത്രിയിൽ അടിസ്ഥാനസൗകര്യംപോലുമില്ലെന്നായിരുന്നു വാദം. നിബന്ധനകളോടെ കുടുംബത്തോടൊപ്പം കഴിയാൻ മൂന്നുമാസത്തെ ജാമ്യം നൽകണമെന്നും ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിങ്ങും അപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.