ഗാംഗുലിയെ ബി.ജെ.പി പാളയത്തിൽനിന്ന് റാഞ്ചാൻ മമത? ദാദ കളംമാറുമോ എന്ന് ഉറ്റുനോക്കി ആരാധകർ
text_fieldsമാറിവരുന്ന രാഷ്ട്രീയ നേതൃത്വത്തിനൊപ്പം നിൽക്കുകയും നേരിട്ടുള്ള രാഷ്ട്രീയ പ്രവേശന സാധ്യതകൾ എക്കാലവും നിരാകരിക്കുകയും ചെയ്തിട്ടുള്ള ആളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ആരാധകർക്കിടയിൽ ദാദ എന്ന് അറിയപ്പെടുന്ന ഗാംഗുലിക്ക് ഇന്ത്യയിലാകമാനം സ്വധീനമുണ്ട്. ഇത് തിരിച്ചറിഞ്ഞ ബി.ജെ.പി ഏറെക്കാലം അദ്ദേഹത്തെ ബംഗാളിലെ സജീവരാഷ്ട്രീയത്തിൽ ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗാംഗുലി ഇതിൽനിന്ന് തന്ത്രപരമായ അകലം പാലിക്കുകയായിരുന്നു. ബംഗാൾ ഇപ്പോഴും ബി.ജെ.പി മുക്തമായി നിലനിൽക്കുന്നതായിരുന്നു ഇതിന് കാരണം.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ പ്രസിഡന്റായ ഗാംഗുലിയെ ഇപ്പോൾ ബി.ജെ.പി തഴയുന്നതായാണ് വിവരം. ഈ ലോകകപ്പ് ഫൈനലിൽ അദ്ദേഹത്തെ ബി.ജെ.പി നിയന്ത്രിക്കുന്ന ബി.സി.സി.ഐ ക്ഷണിച്ചിരുന്നില്ല. ഈ അവസരം മുതലെടുക്കാൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയാണ്.
മമതയുടെ പ്രഖ്യാപനം
ഗാംഗുലിയെ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി മമത കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023ലാണ് മമതയുടെ പ്രഖ്യാപനം വന്നത്. ‘സൗരവ് ഗാംഗുലി ജനപ്രിയനായ വ്യക്തിയാണ്. അദ്ദേഹത്തിന് യുവതലമുറയ്ക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും. ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു’– മമത പറഞ്ഞു. ഈ പദവി നിരസിക്കരുതെന്നും ഗാംഗുലിയോട് മമത പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
യുകെ, യുഎസ്, ഓസ്‌ട്രേലിയ, കൊറിയ, ജപ്പാൻ, ജർമനി, ഫ്രാൻസ് എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് കമ്പനികൾ ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് രണ്ട് ദിവസത്തെ ഉച്ചകോടി ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന നിരവധി നടപടികളെക്കുറിച്ച് മമത ബാനർജി പരിപാടിയിൽ വിശദീകരിച്ചു. നാല് പുതിയ വ്യവസായ ഇടനാഴികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചും അവർ വിശദീകരിച്ചു. പരിപാടിയിൽ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മമത, സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് ഒരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചു.
മുകേഷ് അംബാനി, സഞ്ജീവ് ഗോയങ്ക, റിഷാദ് പ്രേംജി തുടങ്ങിയ വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർപഴ്സൻ മുകേഷ് അംബാനി അടുത്ത മൂന്നു വർഷത്തിനുള്ളിൽ ബംഗാളിൽ 20,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
സന്തോഷം പ്രകടിപ്പിച്ച് ദാദ
മമതയുടെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഗാഗുലിയും രംഗത്ത് എത്തിയിരുന്നു. ‘യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കുന്നതരത്തിലുള്ള വിജയകരമായ വ്യക്തികളിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിനായി എന്നെ പരിഗണിച്ചതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി. കൊൽക്കത്തയുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിക്കുന്നത് വലിയ കാര്യമാണ്’-ഗാംഗുലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.