മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാഭാരതി
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനുള്ള കാരണം മദ്യപാനമാണെന്നും അവർ കുറ്റപ്പെടുത്തി.
ശനിയാഴ്ച അയോധ്യ നഗർ ട്രൈസെക്ഷനിലെ ഒരു മദ്യശാലക്ക് സമീപമുള്ള ക്ഷേത്രത്തിലെത്തിയ ഉമാഭാരതി സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനായി ജനുവരി 31 വരെ അവിടെ തുടരുമെന്ന് പറഞ്ഞു. അമ്പലത്തിലെ നാല് ദിവസത്തെ താമസത്തിന് ശേഷം സംസ്ഥാനത്ത് മദ്യനിയന്ത്രണം കൊണ്ടുവരാനുള്ള പ്രചരണ പരിപാടികൾ ആരംഭിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരി ജില്ലയിലെ രാംരാജ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മദ്യശാല നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഉമഭാരതി പറഞ്ഞു. സർക്കാരിന്‍റെ മദ്യനയത്തിന് കാത്തുനിൽക്കാതെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണം. ഓർക്കായിലെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യശാലക്ക് പുറത്ത് 11 പശുക്കളെ കൊണ്ടുവിടാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശുക്കളെ മദ്യശാലയിൽ തന്നെ ഭക്ഷണം നൽകി വളർത്തുമെന്നും ആർക്കാണ് തന്നെ തടയാൻ ധൈര്യമുള്ളതെന്ന് കാണാമെന്നും ഉമാഭാരതി പറഞ്ഞു.
ശ്രീരാമന്റെ പേരിൽ സർക്കാരുകൾ രൂപീകരിക്കുന്നവർ തന്നെ ക്ഷേത്രത്തിന് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവാദം നൽകുകയാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിലാണെന്നും മദ്യപാനമാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രികത കൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.