രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കും -യശ്വന്ത് സിൻഹ
text_fieldsജയ്പൂർ: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സത്യപ്രതിഞ്ജ ചെയ്ത് അടുത്തദിവസം തന്നെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടാനായി ജയ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയാണെന്നും സിൻഹ പറഞ്ഞു.
അസാധാരണ സാഹചര്യത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. വർഗീയ കലാപവും ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്തിടെ മഹാരാഷ്ട്രയിലും ഗോവയിലും ഇത് കണാനിടയായെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ച് വർഷത്തെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ അത് രാഷ്ട്രപതി ഭവനിൽ നിശബ്ദതയുടെ കാലഘട്ടമായിരുന്നെന്നും യശ്വന്ത്സിൻഹ ആരോപിച്ചു. സാമ്പത്തിക നയങ്ങളും താഴ്ന്ന വളർച്ച നിരക്കും വിനിമയ മൂല്യത്തിലുണ്ടായ ഇടിവും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.