ചാരപ്പണി; മുൻകരുതൽ സ്വീകരിക്കും –വാട്സ്ആപ്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയ ചാരപ്പണി വിവാദത്തിെൻറ പശ്ചാത്തലത്തിൽ, പൗരെൻറ സ്വകാര്യത സംരക്ഷിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് വാട്സ്ആപ്. സാമൂഹിക പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും മറ്റും മൊബൈൽ ഫോണുകളിൽ വാട്സ്ആപ് ദുരുപയോഗിച്ച് ചാരപ്പണി നടന്നതിെൻറ വിശദാംശങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സർക്കാർ ഏജൻസികൾക്കു വേണ്ടി മാത്രമാണ് തങ്ങൾ ഇതിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതെന്ന് ഇസ്രായേൽ കമ്പനി വെളിപ്പെടുത്തിയതാണ് കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയത്.
എന്നാൽ, ഇതേക്കുറിച്ച് അറിയില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു. വാട്സ്ആപ്പിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. നവംബർ നാലിനകം വിവരങ്ങൾ കൈമാറണമെന്നാണ് നിർദേശം. പൗരെൻറ സ്വകാര്യത സംരക്ഷിക്കണമെന്ന കേന്ദ്രസർക്കാറിെൻറ നിലപാടിനോട് യോജിക്കുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും വാട്സ്ആപ് വിശദീകരിച്ചു.
ആരുടെ നിർദേശപ്രകാരമാണ്, ആരെ ലക്ഷ്യമിട്ടാണ് ചാരപ്പണി നടന്നത് തുടങ്ങിയ വിശദാംശങ്ങൾ വാട്സ്ആപ് പുറത്തുവിട്ടിട്ടില്ല. നിരീക്ഷണ സോഫ്റ്റ്വെയർ ഏതു സർക്കാർ ഏജൻസിയാണ് വാങ്ങിയത്, ആരാണ് അധികാരപ്പെടുത്തിയത് തുടങ്ങിയ സംശയങ്ങൾ കോൺഗ്രസ് ആവർത്തിച്ചു.
ഇതിനിടെ, വാട്സ്ആപ് വിവരങ്ങൾ ചോർത്തിയതിൽ പങ്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. എൻ.എസ്.ഒ ഒരു സ്വകാര്യ സംരംഭമാണ്. അവരുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും ഇസ്രായേൽ സുരക്ഷ മന്ത്രി സീവ് എൽകിൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.