ബിഹാറിൽ ഇടതുപക്ഷത്തിന് ഒന്നിലേറെ എം.പിമാരുണ്ടാകുമോ?
text_fieldsപട്ന: ബിഹാറിൽ ഇക്കുറി ഇടതു പാർട്ടികൾക്ക് ഒന്നിലേറെ എം.പിമാരെ ലഭിക്കുമോ? അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന കാരക്കാട്ട് മണ്ഡലം അപ്രതീക്ഷിതമായി ത്രികോണ മത്സരത്തിലേക്ക് നീങ്ങിയതോടെയാണ് ബിഹാറിലെ ഇടതുപക്ഷ കേന്ദ്രങ്ങളിൽ ഇത്തരമൊരു ചർച്ച സജീവമായത്.
സി.പി.എം പ്രതീക്ഷ വെക്കുന്ന ഖഖഡിയയിൽ ഇൻഡ്യ സഖ്യവും എൻ.ഡി.എയും നേരിട്ടുള്ള മത്സരമാണെങ്കിൽ സി.പി.ഐ (എം.എൽ) സ്വാധീനമേഖല കൂടിയായ കാരക്കാട്ട് ഭോജ്പൂരി നടൻ പവൻ സിങ് ത്രികോണ മത്സരം ഒരുക്കിയതോടെയാണ് ഇടതുപക്ഷത്ത് പ്രതീക്ഷയേറിയത്.
ബി.ജെ.പി പുറത്താക്കിയിട്ടും പവൻ മത്സരരംഗത്ത് ഉറച്ചുനിന്നതോടെ എൻ.ഡി.എയുടെ സാധ്യതക്ക് മങ്ങലേറ്റിരിക്കുകയാണ്.
ബിഹാറിലെ പ്രമുഖ സി.പി.ഐ (എം.എൽ) നേതാവായ രാജാറാം സിങ് കുശ്വാഹക്കെതിരെ എൻ.ഡി.എ സ്ഥാനാർഥിയായി രംഗത്തുള്ളത് മുൻ കേന്ദ്രമന്ത്രിയും എൻ.ഡി.എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച നേതാവുമായ ഉപേന്ദ്ര കുശ്വാഹയാണ്.
2014ൽ ഇവിടെനിന്ന് ജയിച്ച ഉപേന്ദ്ര കുശ്വാഹ 2019ൽ ആർ.ജെ.ഡി മറ്റൊരു കുശ്വാഹയെ സ്ഥാനാർഥിയാക്കി ഇറക്കിയപ്പോൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് ഇത്തവണ എൻ.ഡി.എ ഘടകകക്ഷിയായി ബി.ജെ.പിയിലേക്ക് പോയ കുശ്വാഹ വോട്ടുകൾ സ്വന്തമാക്കാൻ തീരുമാനിച്ചത്.
ഇതിനിടയിലാണ് ബംഗാളിൽനിന്ന് പിന്മാറിയ പവൻ സിങ് സ്വതന്ത്ര വേഷത്തിൽ കാരക്കാട്ട് എത്തിയത്. ബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിയാകാൻ പോയ പവൻ സിങ് തന്റെ ഭോജ്പൂരി ഗാനത്തിൽ ബംഗാളികളെ അവഹേളിച്ചുവെന്ന വിവാദത്തെതുടർന്ന് മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു.
ബി.ജെ.പി നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു പിന്മാറ്റം. അതിനുശേഷം അപ്രതീക്ഷിതമായിരുന്നു പവൻ കാരക്കാട്ട് എത്തി നാമനിർദേശ പത്രിക നൽകിയത്. മത്സരരംഗത്ത് പവനെ പിന്മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബി.ജെ.പി അച്ചടക്ക ലംഘനത്തിന് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
സഖ്യകക്ഷിയായ ആർ.എൽ.എം സ്ഥാനാർഥിക്ക് വോട്ടുചോദിക്കാൻ മോദി കാരക്കാട്ട് വന്നതും സീറ്റ് നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലാണ്. പവൻ സിങ്ങിന്റെ സാന്നിധ്യത്തിലൂടെ നഷ്ടമായേക്കാവുന്ന രാജ്പുത് വോട്ടുകൾ തടുത്തുനിർത്താൻ ആറയിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ രജ്പുത് നേതാവ് ആർ.കെ. സിങ്ങിനെയും മോദിക്കൊപ്പം കാരക്കാട്ട് റാലിയിലിരുത്തി.
ഒരു കാലത്ത് രജ്പുതുകളുടെ തട്ടകമായിരുന്ന കാരക്കാട്ട് പിന്നീട് കുശ്വാഹകൾ പ്രധാന സമുദായമായി മാറി. കുശ്വാഹകളെ പോലെ പ്രബലമാണ് യാദവരും. സി.പി.ഐ (എം.എൽ) സ്ഥാനാർഥിക്ക് യാദവ വോട്ടുകളുറപ്പിച്ച് കുശ്വാഹകളെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ആർ.ജെ.ഡി. അയൽ മണ്ഡലങ്ങളിൽനിന്ന് കുശ്വാഹ നേതാക്കളെ കൊണ്ട് വന്ന് സി.പി .ഐ(എം.എൽ) സ്ഥാനാർഥിക്കായി പ്രചാരണം നടത്തുകയാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.