പുനരധിവസിപ്പിക്കുമോ, സാൽവാജുദൂം ഇരകളെ...?
text_fieldsസാൽവജുദൂം ദ്രോഹം വിതച്ച നിരവധി ഗ്രാമങ്ങൾ ഇന്നും ഛത്തിസ്ഗഢിലെ ദന്തേവാഡ, സുകുമ, ബീജാപുർ ഉൾപ്പെടുന്ന ബസ്തർ കാടുകളിലുണ്ട്. തങ്ങൾക്കൊപ്പം നിൽക്കാത്തത്തിന്റെ പേരിൽ ഒരുഭാഗത്ത് സർക്കാർ പിന്തുണയുള്ള സാൽവജുദൂം പ്രവർത്തകരും മറുഭാഗത്ത് മാവോവാദികളും പീഡിപ്പിച്ചപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് അയൽസംസ്ഥാനങ്ങളിലേക്ക് പോയ ആയിരക്കണക്കിന് ആദിവാസികളാണ് ഇന്നും തിരിച്ചുവരാനാകാതെ കഴിയുന്നത്. സാൽവജുദൂം, മാവോവാദി വിഷയങ്ങളിൽ പ്രതികരിക്കാൻ ഇന്നും ആദിവാസികൾക്ക് ഭയമാണ്.
സുകുമ, ദന്തേവാഡ യാത്രക്കിടെ വഴിയരികിൽ കാണുന്ന ആദിവാസികളോട് ഇതു സംബന്ധിച്ച് അന്വേഷിക്കുമ്പോൾ പ്രതികരിക്കാൻപോലും തയാറാകുന്നില്ല. സംസ്ഥാനത്ത് ഭൂപേഷ് ബാഘേൽ സർക്കാർ അധികാരത്തിൽ വന്നതോടെ ആദിവാസി മേഖലകളിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ ചെയ്തത് ബസ്തർ മേഖലയിൽ കാണാനാകും. എന്നാൽ, 2018 തെരഞ്ഞെടുപ്പിലെ പ്രധാന പ്രഖ്യാപനമായിരുന്ന സാൽവജുദൂം ഇരകളുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഇക്കുറിയും ഇരകളുടെ പുനരധിവാസം കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. വനം നിയമത്തിലെ സാങ്കേതിക പിഴവുകളാണ് പുനരധിവാസത്തിന് തടസ്സമാകുന്നതെന്നാണ് കാരണമായി കോൺഗ്രസ് നേതാക്കൾ പറയുന്നത്.
മാവോവാദി ഭീഷണി തുടരുന്നതും കാരണമായി ചൂണ്ടിക്കാട്ടുന്നു. ആദിവാസിമേഖലയിൽ ബാഘേൽ സർക്കാർ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയായി പുനരധിവാസം നടപ്പാക്കുമെന്നും ജഗദൽപൂർ ജില്ല ഓഫിസിൽവെച്ച് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ യശോദ റാവു പറഞ്ഞു. മാവോവാദികളെ അടിച്ചമർത്താൻ ആദിവാസികളെ മനുഷ്യ കവചമാക്കി കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമയുടെ നേതൃത്വത്തിലാണ് സാൽവജുദൂം രൂപവത്കരിച്ചത്. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടി 2011ൽ സാൽവജുദൂം സുപ്രീംകോടതി പിരിച്ചുവിട്ടു.
എന്നാൽ, പകയുമായി കാത്തിരുന്ന മാവോവാദികൾ 2013ൽ മഹേന്ദ്ര കർമ ഉൾപ്പെടെ 28 പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കുറി മഹേന്ദ്ര കർമയുടെ മകൻ ചവിന്ദ്ര കർമയാണ് ദന്തേവാഡയിൽ കോൺഗ്രസ് സ്ഥാനാർഥി. 2018ൽ ബസ്തറിലെ 12ൽ 11 സീറ്റും കോൺഗ്രസ് തൂത്തുവാരിയപ്പോൾ ബി.ജെ.പിക്ക് ലഭിച്ച ഏക സീറ്റാണ് ദന്തേവാഡ. കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ ത്രികോണ മത്സരം നടക്കുന്ന ദന്തേവാഡയിൽ ചവിന്ദ്ര കർമയെ നിയമിച്ചതിൽ പാർട്ടിയിൽ അസ്വസ്ഥതയുണ്ട്. ബസ്തറിൽ കോൺഗ്രസിന് വിജയപ്രതീക്ഷയില്ലാത്ത നാല് മണ്ഡലങ്ങളിൽ ഒന്നാണ് ദന്തേവാഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.