Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിലെ ‘ഭൂത’ത്തെ...

മണിപ്പൂരിലെ ‘ഭൂത’ത്തെ കുടത്തിലടക്കാൻ മൂന്നാം മോദി സർക്കാറിനാവുമോ​​?

text_fields
bookmark_border
മണിപ്പൂരിലെ ‘ഭൂത’ത്തെ കുടത്തിലടക്കാൻ  മൂന്നാം മോദി സർക്കാറിനാവുമോ​​?
cancel

മണിപ്പൂരിൽ കുടത്തിൽനിന്ന് പുറത്തുചാടിയ ഭൂതത്തെ അടയ്ക്കാൻ കഴിയാതെ വിയർക്കുകയാണ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകൾ. മൂന്നാം മോദി സർക്കാർ അധികാരമേൽക്കാനിരിക്കെ അത് വീണ്ടും അത് ആളിക്കത്താൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ വിഴുങ്ങിയ കലാപാഗ്നിക്ക് എന്നെങ്കിലും അറുതിയാവുമോ? ഈ ‘തലവേദനയെ’ മൂന്നാംമോദി സർക്കാർ എങ്ങനെ നേരിടും?

തട്ടിയെടുത്തതും കൊള്ളയടിച്ചതുമായ ആയുധങ്ങൾ സ്വമേധയാ തിരികെ നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇംഫാലിൽ സ്ഥാപിച്ച ​പെട്ടി

ഫോട്ടോ: ട്വിറ്റർ

ഒരു വർഷം പിന്നിട്ടിരിക്കുന്നു മണിപ്പൂർ കലാപ കലുഷിതമായിട്ട്. വംശങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അപാരമായ വൈവിധ്യം ഉൾക്കൊള്ളുന്ന ഈ പ്രദേശത്ത് അധിവസിക്കുന്നവരിൽ കൂടുതലും ഗോത്രവർഗക്കാരാണ്. 2023 മേയിൽ അവിടുത്തെ പ്രബല ഗോത്രവർഗ വിഭാഗമായ കുക്കികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനെ തുടർന്നാണ് ആദ്യഘട്ടത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. എതിർ ഗോ​ത്ര വിഭാഗമായ മെയ്തേയ് പ്രതിഷേധങ്ങളും ഉപരോധങ്ങളും സംഘടിപ്പിച്ചതോടെ മണിപ്പൂരിലുടനീളം സംഘർഷം വ്യാപിച്ചു. ആൾക്കൂട്ട അക്രമങ്ങളിൽ സ്ത്രീകളും ഉണ്ടായിരുന്നു.

ആയിരക്കണക്കിനു പേർക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിനുപേർ പലായനം ചെയ്യുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. സർക്കാർ ആയുധപ്പുരകളിൽനിന്ന് വൻതോതിൽ ആയുധങ്ങൾ മോഷ്ടിക്കപ്പെട്ടു. അന്നു തുടങ്ങിയ തീവെപ്പും മറ്റ് ആക്രമണങ്ങളും നിർബാധം തുടരുന്നു.

കുക്കി സ്ത്രീകൾക്കെതിരെ മെയ്തേയ് പുരുഷന്മാർ, തീവ്രവാദികൾ എന്നിവർ നടത്തിയ ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വംശീയ സംഘർഷത്തിന്റെ ഭാഗമായി ലൈംഗിക അതിക്രമത്തിന്റെ നടുക്കുന്ന സംഭവങ്ങൾ എത്രയും അരങ്ങേറി. അതിലൊന്നായിരുന്നു മെയ്തേയ് പുരുഷൻമാരുടെ ആൾക്കൂട്ടം രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി ഒരു വയലിലേക്ക് നടത്തിച്ചുകൊണ്ടുപോകുകയും അവരോട് അതിക്രമം കാണിക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ​ മണിപ്പൂരിൽ അരങ്ങേറുന്ന ക്രൂരതയുടെ ആഴം ​ പുറംലോകമറിഞ്ഞത്.

ഇംഫാലിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്ന അമിത് ഷാ

വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചതോടെ ഇന്ത്യയിലുടനീളം വിഡിയോ പ്രകമ്പനങ്ങൾ തീർത്തു. മണിപ്പൂരിലെ ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ‘അത്തരം നൂറുകണക്കിന് കേസുകൾ’ ഉണ്ടായിട്ടുണ്ടെന്ന് ഒരു ടെലിവിഷൻ ചാനലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി സമ്മതിച്ചു. കടുത്ത നടപടികൾ സ്വീകരിച്ചിട്ടും സ്ഥിതിഗതികൾ യന്ത്രണവിധേയമാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ ഇന്റർനെറ്റ് അടച്ചുപൂട്ടുകയും കർഫ്യൂ ഏർപ്പെടുത്തുകയും പ്രത്യേക കേസുകളിൽ ‘ഷൂട്ട് ഓൺ-സൈറ്റ് ഉത്തരവുകൾ’ പുറപ്പെടുവിക്കാൻ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരെയും അധികാരപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര സർക്കാർ 50,000 സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരിലേക്ക് അയച്ചു. സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന വിവിധ സുരക്ഷാ സേനകൾക്കായി ഒരു ഏകീകൃത കമാൻഡും സ്ഥാപിച്ചുവെങ്കിലും ഈ നടപടികളൊന്നും മണിപ്പൂരിനെ സമാധനത്തിലേക്ക് മടക്കിക്കൊണ്ടുവന്നില്ല. മണിപ്പൂർ ഇപ്പോൾ പ്രത്യേക വംശീയ മേഖലകളായി വിഭജിച്ചിരിക്കുന്നു. പ്രബലരായ ഹിന്ദു മെയ്തേയികളാണ് സംസ്ഥാന തലസ്ഥാനം സ്ഥിതി ചെയ്യുന്ന താഴ്‌വരയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള കുന്നുകളിൽ കൂടുതലും ക്രിസ്ത്യൻ വംശജരായ കുക്കികളും അധിവസിക്കുന്നു. മെയ്തേയ് പ്രദേശങ്ങളിൽ താമസിക്കുന്ന കുക്കികളെ ഒഴിപ്പിക്കാൻ സുരക്ഷാ സേന അവരെ സഹായിക്കുകയുണ്ടായി.

മണിപ്പൂർ അക്രമത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉത്കണ്ഠ അത്രകണ്ട് ഉയർന്നിട്ടില്ല. 2023 ജൂലൈ 13 ന് യൂറോപ്യൻ പാർലമെന്റ് ഇന്ത്യാ സർക്കാരിനോട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിലവിലുള്ള വംശീയവും മതപരവുമായ അക്രമങ്ങൾ ഉടനടി തടയാൻ ശ്രമിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതൊഴിച്ചു നിർത്തിയാൽ. ദീർഘിച്ച ഇന്റർനെറ്റ് റദ്ദാക്കൽ അവസാനിപ്പിക്കാനും മാധ്യമപ്രവർത്തകർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കും തടസ്സമില്ലാതെ പ്രവേശനം നൽകാനും പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, വളരെ രൗദ്രമായിരുന്നു ഇതിനോടുള്ള കേന്ദ്ര സർക്കാറി​െന്റ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും അത് കൊളോണിയൽ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും സർക്കാർ പൊട്ടിത്തെറിച്ചു.

കുക്കി സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിന്റെ വൈറലായ വിഡിയോക്ക് ശേഷം തന്റെ മൗനം ഭഞ്ജിക്കും മുമ്പ് മൂന്ന് മാസത്തോളം പ്രധാനമന്ത്രി മിണ്ടാതിരുന്നത് ഇരുവശത്തും രോഷം സൃഷ്ടിച്ചു. മണിപ്പൂരിൽ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടത് വിമർശിക്കപ്പെട്ടു. മണിപ്പൂരിൽ മോദി ജനപ്രിയനായിരുന്നുവെന്നും മെയ്തേയ്കളും കുക്കികളും തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻതോതിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും സമാധാനത്തിനായുള്ള വ്യക്തിപരമായ അഭ്യർത്ഥനയിലൂടെ അദ്ദേഹത്തിന് ഉടനടി മാറ്റം വരുത്താമായിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടു

നീണ്ട നാളത്തെ മൗനത്തിനുശേഷം മണിപ്പൂർ വിഷത്തിൽ മോദി പ്രതികരിക്കുന്നു

എന്തായിരുന്നു പ്രതിസന്ധിയുടെ പശ്ചാത്തലം?

ഭൂമിക്കും പ്രകൃതിവിഭവങ്ങൾക്കും വേണ്ടിയുള്ള പതിറ്റാണ്ടുകളായ മത്സരത്തിൽ നിന്നാണ് ഈ സംഘർഷം ഉടലെടുക്കുന്നത്. 2011ലെ അവസാന സെൻസസ് പ്രകാരം സംസ്ഥാനത്തെ 2.85 ദശലക്ഷം ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയ്കളാണ് ഭൂമിയുടെ ഭൂരിഭാഗം അവകാശവും കയ്യാളുന്നത്. 30 ശതമാനം വരുന്ന കുക്കിക്കും മറ്റ് 33 ഗോത്രങ്ങൾക്കും ഭൂമിയുടെ 10 ശതമാനം മാത്രമേ ഉള്ളൂ. ജനസംഖ്യയുടെ ഒരു ശതമാനം ഭൂമിശാസ്ത്രപരമായി ദരിദ്രമായ കുന്നിൻ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ മെയ്തെകൾക്കും കുക്കികൾക്കും ഇടയിൽ ആഴത്തിലുള്ള നീരസം നേരത്തെ തന്നെ നിലനിന്നിരുന്നു. കുക്കികൾ കൂടുതൽ ക്രിസ്ത്യാനികളും മെയ്തേയികൾ കൂടുതലും ഹിന്ദുക്കളുമാണെങ്കിലും (ചെറിയ എണ്ണം മെയ്​തേയികൾ ക്രിസ്ത്യാനികളോ മുസ്‍ലിംകളോ ആയുണ്ട്) അക്രമം നടന്നത് മതപരമായ വിഭജനത്തേക്കാൾ വംശീയതയിലാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ അവശേഷിപ്പിച്ച ഭരണപരമായ അരാജകത്വത്തിന്റെ ഫലമായിരുന്നു ഇതെല്ലാം. ഇന്ത്യയിലെ ഏറ്റവും പഴയ വിഘടനവാദ കലാപങ്ങളുടെ ആസ്ഥാനമാണിത്. ഇവയിൽ പലതും 1947ൽ സ്വാതന്ത്ര്യാനന്തരം പൊട്ടിപ്പുറപ്പെട്ടവയാണ്.

എന്തുകൊണ്ട് ഭരണകൂടം പരാജയപ്പെട്ടു?

വ്യക്തമായ അപായസാധ്യതകൾ ഉണ്ടായിരുന്നിട്ടും 2023 മേയ് 3ന് ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിന് മുന്നോടിയായി മതിയായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തുന്നതിൽ മണിപ്പൂരിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ‘ദ വയറിൽ’ പ്രവീൺ തോന്തി എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അത് സംസ്ഥാനത്തുടനീളം സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കി. മാർച്ച് നടന്ന ദിവസം അതു കടന്നുപോവുന്ന എല്ലാ പ്രശ്സാധ്യതാ മേഖലകളിലും മതിയായ സേനയെ വിന്യസിച്ചിരുന്നെങ്കിൽ അക്രമത്തിന്റെ പ്രാരംഭ പൊട്ടിത്തെറി കുറക്കാൻ സഹായി​ച്ചേനെയെന്നും പ്രവീൺ നിരീക്ഷിക്കുന്നു.

ആദ്യ മൂന്ന് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചു. 72 പേർ കൊല്ലപ്പെട്ടു. അവരിൽ 60 പേർ ഇംഫാൽ താഴ്‌വരയിൽ താമസിക്കുന്ന കുക്കികളാണെന്നായിരുന്നു റിപ്പോർട്ട്. മാർച്ച് നടന്ന ദിവസം മുതൽ തന്നെ മെയ്തി വിഭാഗത്തിൽപ്പെട്ട ആൾക്കൂട്ടം സർക്കാർ ആയുധപ്പുരകളെ ലക്ഷ്യം വച്ചിരുന്നു. ഇത് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതാകാമെന്ന സംശയത്തിലേക്ക് നയിച്ചു.

മറ്റ് പ്രാദേശിക ഭരണകൂടങ്ങളെപ്പോലെ തന്നെ വൻതോതിലുള്ള മെയ്‌തി പ്രാതിനിധ്യമുള്ള സംസ്ഥാന പോലീസ് റൈഫിളുകൾ, ലോങ് റേഞ്ച് തോക്കുകൾ, 51 എം.എം മോർട്ടറുകൾ തുടങ്ങിയ ആയുധങ്ങളുമായി ജനക്കൂട്ടത്തെ ഒളിച്ചോടാൻ അനുവദിച്ചതായി ആരോപണ​മുയർന്നു. കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ കുക്കി പോലീസ് ഉദ്യോഗസ്ഥർ വളരെ കുറഞ്ഞ തോതിലാണ് ഇങ്ങനെ പ്രവർത്തിച്ചതെന്നും ആരോപിക്കപ്പെട്ടു. സംസ്ഥാനത്തുടനീളം 4,000 ആയുധങ്ങളും അരലക്ഷം വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടുവെന്നും രണ്ട് സമുദായങ്ങളുടെയും കൈവശം ആയുധശേഖരങ്ങളെത്തിയത് സംഘർഷത്തിന്റെ തീവ്രത വർധിപ്പിച്ചതായും ‘ദ വയറി​െല’ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

മെയ് 4 മുതൽ കലാപം ശമിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള സുരക്ഷാ സേനയെ ക്രമേണ വിന്യസിച്ചു. എന്നാൽ, ഈ സംഘങ്ങൾ അക്രമം തടയുന്നതിൽ വലിയ തോതിൽ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. എന്നിരുന്നാലും, സ്ത്രീകൾ അടക്കമുള്ള മെയ്തെയി സംഘങ്ങൾ റോഡുകൾ തടസ്സപ്പെടുത്തി. മെയ്തേയി ആധിപത്യം പുലർത്തുന്ന പ്രാദേശിക പോലീസിനെ കുക്കികൾ വിശ്വസിച്ചില്ല. കേന്ദ്ര സേനകൾ പ്രത്യേകിച്ച് അസം റൈഫിൾസ് എന്ന് വിളിക്കപ്പെടുന്ന ഒരു കലാപ വിരുദ്ധ സേന​ കുക്കികളോട് പക്ഷപാതം കാണിക്കുന്നുവെന്ന് മെയ്തേയികളും ആരോപിച്ചു. സംഘർഷങ്ങളിൽ മെയ്തേയി സ്ത്രീകളുടെ സജീവ പങ്കാളിത്തത്തെ നേരിടാൻ സായുധ സേനയും തയ്യാറായില്ല.

ജൂൺ 24ന് 1500 സ്ത്രീകളടങ്ങിയ ആൾക്കൂട്ടവുമായുള്ള ഏറ്റുമുട്ടലിനുശേഷം പിടികൂടിയ നിരോധിത സംഘടനയിൽപെട്ട പന്ത്രണ്ട് മെയ്തേയി തീവ്രവാദികളെ സൈന്യം വിട്ടയച്ചു. കേന്ദ്ര സുരക്ഷാ സേനയെ അയച്ചതല്ലാതെ മണിപ്പൂർ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ഫെഡറൽ ഗവൺമെന്റ് പ്രത്യേകിച്ച് മുൻകൈ എടുത്തില്ലെന്നും അശാന്തി ശമിപ്പിക്കുന്നതിൽ ഫലപ്രദ നടപടികൾ ഒന്നുമുണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്

ആഴ്ചകൾ നീണ്ടുനിന്ന അക്രമങ്ങളെത്തുടർന്ന് മേയ് അവസാനം ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തി. മെയ്തേയി, കുക്കി പ്രതിനിധികളെ കണ്ടു. കൂടുതൽ സ്വയംഭരണത്തിനുള്ള കുക്കികളുടെ ആവശ്യം അംഗീകരിക്കരുതെന്നും അസം റൈഫിൾസിന് പകരം മറ്റൊരു സേനയെ നിയമിക്കണമെന്നും മെയ്തേയി ഗ്രൂപ്പുകൾ അദ്ദേഹത്തോട് അഭ്യർഥിച്ചു. അതേസമയം, കുക്കി പ്രതിനിധി സംഘം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. അവരോട് ശാന്തനാകാൻ അഭ്യർത്ഥിച്ച ഷാ രണ്ടാഴ്ചക്കു ശേഷം വീണ്ടുംവരാമെന്ന് വാഗ്ദാനം നൽകി മടങ്ങിയെങ്കിലും പിന്നീട് ഈ വർഷം ഏപ്രിൽ 14നാണ് അവിടെയെത്തുന്നത്. അതാവട്ടെ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിക്കുവേണ്ടിയായിരുന്നു. മണിപ്പൂരിനെ വിഭജിക്കുമെന്ന് പറയുന്നവരും അതിനെ ഒരുമിച്ച് നിർത്തുന്നവരും തമ്മിലായിരിക്കും വരാനിരിക്കുന്ന പോരാട്ടമെന്ന് ഇംഫാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ഷാ പറഞ്ഞു.

എന്നാൽ, കലാപം തുടങ്ങിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് കിട്ടിയത്. അമിത് ഷായുടെ വാചാടോപങ്ങൾ ഒന്നും അവിടെ ഫലം കണ്ടില്ല. മണിപ്പൂരിലെ രണ്ടു സീറ്റുകളിലും കോൺഗ്രസ് ജയിച്ചുകേറി. കലാപം തടയുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതായും ഇരു സർക്കാറുകളോടും ജനങ്ങൾക്കുള്ള അസംതൃപ്തിയാണ് പ്രതിഫലിച്ചതെന്നും ബി.ജെ.പി മുഖ്യമന്ത്രി ബിരേൻ സിങ് തുറന്നു പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും മണിപ്പൂർ ശാന്തമായിട്ടില്ല. 70 തിലേറെ വീടുകൾക്കും ​രണ്ട് പൊലീസ് ഔട്ട്പോസ്റ്റുകൾക്കും തീവ്രവാദികൾ എന്ന് കരുതുന്നവർ തീയിട്ട സംഭവമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നാളുകളിലെ അനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ ഈ തീയിലേക്ക് വെള്ളമൊഴിച്ച് കെടുത്താൻ എൻ.ഡി.എ കാര്യമായി വിയർക്കുമെന്ന സൂചനകൾ ആണ് രാഷ്ട്രീയ വിശകല വിദഗ്ധർ നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurManipur riotBiren SinghNarenra modi
News Summary - Will the third Modi government be able to tame the ‘demon’ of Manipur?
Next Story