മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് മായാവതി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെ മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മുസ്‍ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് മായാവതി പറഞ്ഞു.
ഭാവിയിൽ മുസ്‌ലിംകൾക്ക് ടിക്കറ്റ് നൽകുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുമെന്നും, അങ്ങനെ തന്റെ പാർട്ടിക്ക് ഇത്തവണ ഉണ്ടായത് പോലെ നഷ്ടം സംഭവിക്കാതിരിക്കുമെന്നും ബി.എസ്.പി പ്രസ്‌താവനയിൽ പറഞ്ഞു.
തന്റെ പാർട്ടിയുടെ ഭേദപ്പെട്ട പ്രകടനത്തിന് ദലിത് വിഭാഗം വലിയ സംഭാവന നൽകിയിട്ടുണ്ട്. പിന്തുണക്ക് ദലിത് സമുദായത്തോട് നന്ദി പറയുകയാണ്. ബി.ആർ അംബേദ്കറിന്റെ ആശയങ്ങൾ യാഥാർഥ്യമാക്കുന്നത് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും മായാവതി പറഞ്ഞു.
കനത്ത ചൂട് യു.പിയിലെ വോട്ടിങ് ശതമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കാലാവസ്ഥ കൂടി കമീഷൻ പരിഗണിക്കണം. വോട്ടെടുപ്പ് ദീർഘകാലത്തേക്ക് നീളരുതെന്നും മായാവതി ആവശ്യപ്പെട്ടു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 80 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് പൂജ്യം സീറ്റാണ് കിട്ടിയത്. 2019ൽ അഖിലേഷ് യാദവിനൊപ്പം സഖ്യമായി മത്സരിച്ചപ്പോൾ 10 സീറ്റ് നേടാൻ മായാവതിക്ക് സാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.