രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കുമോ?; കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യദ്രോഹനിയമം പുനഃപരിശോധനാ കാലയളവിൽ മരവിപ്പിക്കുമോ എന്ന് സർക്കാറിനോട് സുപ്രീംകോടതി. നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നുവെന്ന് കരുതി യുക്തിസഹമാകാതിരിക്കാൻ കോടതിക്ക് കഴിയില്ല.
പുനഃപരിശോധനക്ക് എത്രകാലം നൽകണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ജയിലിൽ കഴിയുന്നവർ പുനഃപരിശോധന തീരുംവരെ മാസങ്ങൾ അവിടെ കഴിയണമെന്നാണോ? പൗരാവകാശത്തെക്കുറിച്ച് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പൗരസ്വാതന്ത്ര്യം സർക്കാർ എങ്ങനെയാണ് സംരക്ഷിക്കാൻ പോകുന്നത്? ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
ഇക്കാര്യത്തിൽ ബുധനാഴ്ച നിലപാടറിയിക്കാൻ കോടതി നിർദേശിച്ചു. രാജ്യദ്രോഹനിയമം പുനഃപരിശോധിക്കാൻ ഉചിതമായ വേദിക്ക് വിടുമെന്നും ഈ സാഹചര്യത്തിൽ 124 എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിൽ വാദംകേൾക്കൽ മാറ്റിവെക്കണമെന്നും സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ചോദ്യം. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കുമോ?പുനഃപരിശോധിക്കാൻ തീരുമാനിച്ചുവെന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്ന് വ്യക്തമാക്കിയ കോടതി, കണിശമായ നിലപാടാണ് സ്വീകരിച്ചത്.
കോടതിക്ക് രണ്ടുവശവും നോക്കാതെ പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം പ്രധാനമന്ത്രി ഗൗരവമായി കാണുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശം, വൈവിധ്യമാർന്ന ചിന്തകൾ, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം, റദ്ദാക്കുന്ന പഴഞ്ചൻ നിയമങ്ങൾ, ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ, പൗരസ്വാതന്ത്ര്യത്തിലുള്ള ആശങ്ക എന്നിവയെക്കുറിച്ചെല്ലാം പറയുന്നുണ്ട്. ഗൗരവപ്പെട്ട നടപടികളിലാണ് സർക്കാറെന്നും പറയുന്നു. എന്നു കരുതി ന്യായയുക്തമല്ലെന്ന് വരാൻപാടില്ല. തീർപ്പാകാത്ത രാജ്യദ്രോഹക്കേസുകൾ, നിയമ ദുരുപയോഗം എന്നിവയെക്കുറിച്ച് ഉത്കണ്ഠകളുണ്ട് -ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
സർക്കാറിന്റെ അഭിപ്രായനിർദേശങ്ങൾ കേൾക്കുന്നതിന് ബുധനാഴ്ച രാവിലെവരെ സമയം തരും. ഇപ്പോഴുള്ള രാജ്യദ്രോഹക്കേസുകൾ, ഭാവിയിലെ കേസുകൾ -രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുന്നതുവരെ അക്കാര്യങ്ങൾ സർക്കാർ എങ്ങനെ കണക്കിലെടുക്കുന്നു? അതേക്കുറിച്ച് അറിയിക്കണം. നിയമ പുനഃപരിശോധന കഴിയുന്നതുവരെ രാജ്യദ്രോഹക്കേസുകൾ മരവിപ്പിക്കുമോ എന്നകാര്യത്തിൽ കേന്ദ്രം മറുപടി എഴുതിനൽകണം.
സുപ്രധാനമായ കേസുകൾ വൈകിപ്പിക്കാൻ സമയം നീട്ടിയെടുക്കുന്നത് സർക്കാറിന്റെ രീതിയായി മാറിയിട്ടുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കുറ്റപ്പെടുത്തി. രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് കേന്ദ്രമല്ല, സംസ്ഥാനങ്ങളാണെന്ന് സോളിസിറ്റർ ജനറൽ ന്യായീകരിച്ചു.
നിയമത്തിൽ തിരുത്തലുകൾ കൊണ്ടുവരാൻ സമയമെടുക്കുമെന്നിരിക്കെ, കേസുകളുടെ കാര്യത്തിൽ കേന്ദ്രത്തിന് സംസ്ഥാനങ്ങൾക്കായി മാർഗനിർദേശം നൽകിക്കൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.