'ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരം'; വ്യത്യസ്ത നിലപാടുമായി അനിൽ കെ. ആന്‍റണി
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ബി.ബി.സി തയാറാക്കിയ 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണക്കുന്ന നിലപാടുമായി കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ. ആന്റണി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനാണ് അനിൽ. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ. ആന്റണി ട്വീറ്റ് ചെയ്തു.
'ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്‌പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും' -അനിൽ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് വംശഹത്യയെക്കുറിച്ചും അതിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. 'ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതിജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു' എന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഡോക്യുമെന്ററി വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കേന്ദ്രസർക്കാർ വാദം. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് രാത്രി ഒമ്പത് മണിക്ക് പുറത്തിറങ്ങും. ആദ്യ ഭാഗം കേന്ദ്രസർക്കാർ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽനിന്ന് പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.