ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കും -അരവിന്ദ് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം താൻ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “എനിക്ക് രാം മന്ദിർ സന്ദർശിക്കാൻ ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം പോകണം. പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ഞങ്ങൾ പോകും, ”ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞു.
എന്നാൽ രാമക്ഷേത്രത്തിലേക്കുള്ള ക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. "എനിക്ക് അവരിൽ നിന്ന് (സർക്കാർ) ഒരു കത്ത് ലഭിച്ചു...ഞങ്ങൾ അവരെ വിളിച്ചപ്പോൾ, നേരിട്ട് ക്ഷണിക്കാൻ ഒരു ടീം വരുമെന്ന് ഞങ്ങളെ അറിയിച്ചു. ആ ടീം ഇതുവരെ വന്നിട്ടില്ല." കെജ്‌രിവാൾ പറഞ്ഞു.
പ്രതിഷ്ഠ ചടങ്ങിന് ശേഷം ധാരാളം ആളുകൾ രാമക്ഷേത്രം സന്ദർശിക്കാൻ പോകാനിടയുണ്ട്. അതുകൊണ്ട് അയോധ്യയിലേക്ക് കൂടുതൽ തീർഥാടക ട്രെയിനുകൾ ക്രമീകരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 നാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഏഴ് ദിവസചടങ്ങുകൾ ചൊവ്വാഴ്ച അയോധ്യയിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.