"കാത്തിരുന്ന് കാണാം"; അശോക് ചവാന് പിന്നാലെ കൂടുതൽ നേതാക്കൾ ബി.ജെ.പിയിലേക്കെന്ന സൂചനയുമായി ഫഡ്നാവിസ്
text_fieldsമുംബൈ: മുൻ മന്ത്രി അശോക് ചവാന്റെ രാജിക്ക് പിന്നാലെ നേതാക്കൾ കോൺഗ്രസിൽ നിന്ന് ശ്വാസം മുട്ടുകയാണെന്ന പരാമർശവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ ബി.ജെ.പിക്കൊപ്പം ചേരാൻ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മറ്റു പാർട്ടികളിലെ ഉന്നത നേതാക്കൾ ബി.ജെ.പിക്കൊപ്പം ചേരാൻ ആഗ്രഹിക്കുകയാണ്. പ്രത്യേകിച്ചും ചില മുതിർന്ന നേതാക്കളുടെ പെരുമാറ്റം കാരണം നിരവധി കോൺഗ്രസ് നേതാക്കൾ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അവരുടെ പാർട്ടിയിൽ അവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. ആരൊക്കെ ബന്ധപ്പെടുന്നുണ്ടെന്നും പാർട്ടിയിലേക്ക് വരുന്നുണ്ടെന്നുമുള്ള വിവരം പിന്നീട് വ്യക്തമാക്കാം. ഇനി സംഭവിക്കാനിരിക്കുന്നത് കാത്തിരുന്ന് കാണാം", അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെക്ക് അശോക് ചവാൻ രാജിക്കത്ത് കൈമാറിയത്. സ്പീക്കർ രാഹുൽ നർവേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജി.
1987-89 കാലഘട്ടത്തിൽ ലോക്സഭ എം.പിയായിരുന്ന ചവാൻ മെയ് 2014ൽ വീണ്ടും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999 മുതൽ 2014വരെ മഹാരാഷ്ട്ര നിയമസഭയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-10 കാലഘട്ടത്തിൽ ചവാൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. 2010ൽ അഴിമതി ആരോപണം നേരിട്ടതോടെ പാർട്ടി അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.