ഗുജറാത്തിൽ ബി.ജെ.പി 145 സീറ്റ് വരെ നേടും -ഹാർദിക് പട്ടേൽ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ, ബി.ജെ.പി 135-145 സീറ്റ് വരെ നേടുമെന്ന് പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ. ഞങ്ങൾ തീർച്ചയായും സർക്കാർ രൂപീകരിക്കും, ആർക്കെങ്കിലും അക്കാര്യത്തിൽ സംശയമുണ്ടോ? -അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ടെന്നും മികച്ച ഭരണം ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചെന്നും ഹാർദിക് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പി സ്ഥാനാർഥിയായി വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടുകയാണ് ഹാർദിക്.
പാട്ടിദാർ സംവരണ പ്രക്ഷോഭങ്ങളുടെ നേതാവായി ദേശീയശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ ആദ്യം കോൺഗ്രസിൽ ചേർന്നിരുന്നു. വർക്കിങ് പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ, പാർട്ടി തന്നെ തുടർച്ചയായി അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹാർദികിന്‍റെ രാജി കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ വൻ വിജയത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്. തുടർച്ചയായി ഏഴാം തവണയും ബി.ജെ.പി ഗുജറാത്ത് ഭരിക്കുമെന്ന് സൂചന നൽകി, 148 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസ് 21 സീറ്റിലും ആം ആദ്മി പാർട്ടി ഒമ്പത് സീറ്റുകളിലും ലീഡ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.