വാക്സിൻ സ്വീകരിച്ചാൽ രണ്ടുവർഷം കൊണ്ട് മരിക്കുമോ? വൈറൽ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
text_fieldsന്യൂഡൽഹി: കോവിഡ് ഭീഷണിയിൽ ഭയന്ന് ജീവിക്കുന്ന ഇക്കാലത്ത് കോറോണ വൈറസിനോളം തന്നെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് വ്യാജവാർത്തകൾ. രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും സർക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടത്തുേമ്പാഴും വ്യാജ വാർത്തകൾ അതിവേഗം പരക്കുകയാണ്. അത്തരത്തിൽ ഒരു വ്യാജ വാർത്തയുടെ നിജസ്ഥിതി വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർ രണ്ടുവർഷത്തിനുള്ളിൽ മരിക്കുമെന്നായിരുന്നു വ്യാജവാർത്ത. പ്രമുഖ ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ ജേതാവുമായ ലൂക് മോണ്ടേന്യറിനെ ഉദ്ധരിച്ചായിരുന്നു വ്യാജവാർത്ത അതിവേഗം പരന്നത്. 'ഈ ചിത്രത്തിൽ പറയുന്ന അവകാശവാദം വ്യാജമാണ്. കോവിഡ് വാക്സിൻ സുരക്ഷിതമാണ്. ഈ സന്ദേശം ഫോർവേഡ് ചെയ്യരുത്'-കേന്ദ്ര സർക്കാർ ട്വീറ്റ് ചെയ്തു.
എന്തായിരുന്നു വ്യാജവാർത്തയിലെ ഉള്ളടക്കം
'വാക്സിനേഷൻ ലഭിച്ച എല്ലാവരും രണ്ട് വർഷത്തിനുള്ളിൽ മരിക്കും. ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾക്ക് അതിജീവിക്കാൻ സാധ്യതയില്ലെന്ന് നോബൽ സമ്മാന ജേതാവ് ലൂക്ക് മൊണ്ടേനയർ സ്ഥിരീകരിച്ചു'-ഇങ്ങനെയായിരുന്നു വ്യാജവാർത്ത.
'ഇതിനകം വാക്സിനേഷൻ ലഭിച്ചവർക്ക് പ്രതീക്ഷയും ചികിത്സയും ഇല്ല. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നാം തയാറായിരിക്കണം. ആൻറിബോഡി-ആശ്രിത വർധനവ് മൂലം അവരെല്ലാം മരിക്കും. അത്രമാത്രം പറയാം '-അഭിമുഖത്തിൽ അദ്ദേഹം പറയുന്നതായി പോസ്റ്റിൽ കാണാം.
പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ
മേയ് മാസം തുടക്കത്തിൽ മോണ്ടേന്യർ ഹോൾഡ്-അപ്പ് മീഡിയയിലെ പിയറി ബാർനെറിയസിന് ഒരു അഭിമുഖം നൽകിയിരുന്നു. അതിനിടെയാണ് കോവിഡ് 19 മഹാവാക്സിനേഷൻ യജ്ഞത്തെ കുറിച്ചുള്ള ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടി വന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള റെയർ ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ കുത്തിവെപ്പെടുത്തവർ രണ്ടുവർഷത്തിനുള്ളിൽ മരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. വാക്സിനേഷൻ കോവിഡിെൻറ വ്യത്യസ്ത വകഭേദങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായി മാത്രമാണ് അദ്ദേഹം പറഞ്ഞത്.
'ചൈന വൈറസിന് വാക്സിൻ സൃഷ്ടിച്ച ആൻറിബോഡികളുണ്ട്. വൈറസ് എന്താണ് ചെയ്യുന്നത്? അത് മരിക്കുകയോ മറ്റൊരു പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നുണ്ടോ? വാക്സിനേഷെൻറ ഫലമാണ് പുതിയ വകഭേദങ്ങൾ. ഓരോ രാജ്യത്തും നിങ്ങൾ അത് കാണുന്നു. അത് സമാനമാണ്. വാക്സിനേഷെൻറ വക്രരേഖയെ തന്നെയാണ് മരണത്തിെൻറ രേഖയും പിന്തുടരുന്നത്'-മൊണ്ടേന്യർ പറഞ്ഞു.
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രോഗബാധിതരായവരിൽ താൻ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'വാക്സിനിനെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ വകഭേദങ്ങൾ അവ സൃഷ്ടിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളെ കാണിക്കും' -മൊണ്ടേന്യർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.