അഞ്ചിടത്ത് സീറ്റ് ധാരണക്ക് കോൺഗ്രസ്, ആപ്
text_fieldsന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റു ധാരണക്ക് സന്നദ്ധത പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി. അധികാരത്തിലുള്ള ഡൽഹിക്കും പഞ്ചാബിനും പുറമെ ഹരിയാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലും നീക്കുപോക്ക് ചർച്ചയാകാമെന്ന് ആപ് ഡൽഹി കൺവീനർ ഗോപാൽ റായിയാണ് വെളിപ്പെടുത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ചു നീങ്ങുന്നതിനെക്കുറിച്ച് ഇൻഡ്യ മുന്നണി അംഗങ്ങളായ രണ്ടു പാർട്ടികളുടെയും നേതാക്കൾ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചക്ക് പിന്നാലെയാണിത്. സീറ്റ് പങ്കിടൽ ചർച്ച രണ്ടു പാർട്ടികളും ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുള്ള ചർച്ചകൾ ക്രിയാത്മകമാണെന്നും ഗോപാൽ റായ് പറഞ്ഞു.
ആപ് അധികാരത്തിലുള്ള പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ ഒന്നിച്ചു പോകുന്നതിനോട് രണ്ടു പാർട്ടികളുടെയും പ്രാദേശിക നേതാക്കൾക്ക് എതിർപ്പുണ്ട്. എന്നാൽ, ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിൽക്കുന്നത് പരസ്പരം ഗുണം ചെയ്യുമെന്നാണ് ദേശീയ നേതാക്കളുടെ പക്ഷം. അതേസമയം, മറ്റ് മൂന്നിടങ്ങളിലും കോൺഗ്രസ് തൃപ്തികരമായ സീറ്റ് നൽകിയാൽ പഞ്ചാബിലും ഡൽഹിയിലും സഹകരണമാകാമെന്ന നിലപാടുമായാണ് ആപ് മുന്നോട്ടു പോകുന്നത്.
മഹാരാഷ്ട്രയിലെ സീറ്റു ധാരണകളെക്കുറിച്ച് കോൺഗ്രസ്, എൻ.സി.പി, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എന്നിവയുടെ പ്രതിനിധികൾ ചൊവ്വാഴ്ച ചർച്ച നടത്തി. യു.പിയിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയുമായി യോജിച്ചു നീങ്ങുന്നതിനുള്ള ശ്രമത്തിൽ കോൺഗ്രസിന്റെ അഭ്യർഥന പ്രകാരം സമാജ്വാദി പാർട്ടിയുടെ മുൻനിര നേതാവ് രാംഗോപാൽ യാദവ് കോൺഗ്രസ് സഖ്യചർച്ച സമിതി കൺവീനർ മുകുൾ വാസ്നിക്കിന്റെ വസതിയിലെത്തി കൂടിയാലോചന നടത്തി.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു ധാരണ ഉണ്ടാക്കാൻ കഴിയാതെ വന്ന സാഹചര്യങ്ങൾക്കിടയിൽ ചർച്ചകൾ കാര്യമായി മുന്നോട്ടു നീങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കും. അതേസമയം, ഇൻഡ്യ മുന്നണി സീറ്റ് പങ്കിടൽ പ്രഖ്യാപനം നടത്തുന്ന ആദ്യ സംസ്ഥാനം മഹാരാഷ്ട്രയായിരിക്കുമെന്നും അഘാഡി സഖ്യത്തിന്റെ പ്രാഥമിക ചർച്ച നല്ല നിലയിൽ നടന്നുവെന്നും ചർച്ചകളിൽ പങ്കെടുത്ത രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.