രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് ശരദ് പവാർ
text_fieldsമുംബൈ: രാജ്യത്ത് രാഷ്ട്രീയമാറ്റത്തിന്റെ കാറ്റു വീശുന്നുവെന്നും അതിന്റെ സൂചനയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി കോട്ടയായ കസ്ബ പേത്ത് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എം.എൽ.എയുടെ നിര്യാണത്തെ തുടർന്നാണ് കസ്ബ പേത്തിലെ ഉപതെരഞ്ഞെടുപ്പ്. 28 വർഷം ബി.ജെ.പി കോട്ടയായിരുന്ന സീറ്റ് കോൺഗ്രസിലെ രവീന്ദ്ര ധൻഗേക്കർ ജയിച്ചു. ബാരാമതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പവാർ.
‘ജനം ബദൽ തേടുന്നെന്ന് ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ബി.ജെ.പി ശക്തമല്ല. വോട്ടു ചെയ്യുമ്പോൾ കോൺഗ്രസ് സർക്കാറുകളെ ബി.ജെ.പി അട്ടിമറിച്ചത് ജനങ്ങൾ ഓർമിക്കും’ -പവാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനാധിപത്യത്തിന് കരുത്താകുമെന്നും പവാർ കൂട്ടിച്ചേർത്തു. കസ്ബ പേത്ത് തുടക്കം മാത്രമാണെന്നും മഹാരാഷ്ട്ര വരാനിരിക്കുന്നേയുള്ളുവെന്നും ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് (എം.വി.എ) സഖ്യം 44 ൽ 40 ലോക്സഭ മണ്ഡലങ്ങളും 288 ൽ 200 നിയമസഭ മണ്ഡലങ്ങളും നേടുമെന്നും റാവുത്ത് അവകാശപ്പെട്ടു.
മൂന്നു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പവാർ കണ്ടില്ലേ എന്നാണ് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് ഭാവങ്കുലെ പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.