‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും, സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കണം’; അഭ്യർഥനയുമായി രാഹുൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റേതെങ്കിലും നേതാക്കൾക്കേ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതോടെ ബി.ജെ.പിയിലെ ഗ്ലാമർ താരമായിരുന്നു സ്മൃതി. അമേഠിയിൽ വീണ്ടും മത്സരിക്കാൻ അവർ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയിൽ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് കോൺഗ്രസ് അണികളിൽനിന്നും മറ്റും ഉണ്ടായിരുന്നത്. ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.