പാർലമെന്റ് സ്തംഭനം സമരമുറയാക്കേണ്ടെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദിസർക്കാറിനെതിരായ പ്രതിഷേധ സമരമുറയായി പാർലമെന്റ് സ്തംഭിപ്പിക്കുന്ന രീതി മാറ്റാൻ കോൺഗ്രസ്. വിഷയങ്ങൾക്ക് മറുപടി പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ സഭാസ്തംഭനം സർക്കാർ അവസരമാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതുകൊണ്ട് അസാധാരണ വിഷയങ്ങളിലൊഴികെ സഭാ സ്തംഭനത്തിന്റെ സാഹചര്യം ഒഴിവാക്കും.
ശീതകാല പാർലമെന്റ് സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി വിളിച്ച നേതൃയോഗത്തിലാണ് ഈ ധാരണ ഉണ്ടായത്. രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം ആർക്കു നൽകണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല. തീരുമാനമെടുക്കാൻ ബുധനാഴ്ചവരെ സാവകാശമുണ്ട്. ഹ്രസ്വകാല സമ്മേളനമായതിനാൽ മല്ലികാർജുൻ ഖാർഗെ തന്നെ നേതൃസ്ഥാനം വഹിക്കട്ടെ എന്ന ചർച്ചയും നടക്കുന്നുണ്ട്. പി. ചിദംബരം, ദിഗ്വിജയ് സിങ് എന്നിവരെയാണ് പകരം പരിഗണിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തിനു പുറമെ പ്രതിപക്ഷ നേതൃസ്ഥാനവും തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് നൽകുന്നതിനോട് വിയോജിപ്പുകളുള്ളത് ചിദംബരത്തിന്റെ സാധ്യത കുറക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികോൽപന്ന താങ്ങുവില എന്നിവ പ്രധാന വിഷയങ്ങളായി പാർലമെന്റിൽ ഉന്നയിക്കാൻ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. കാർഷികനിയമം പിൻവലിച്ചപ്പോൾ മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഇതുവരെയും പുരോഗതി ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മയിൽ യുവാക്കൾക്കും വിലക്കയറ്റത്തിൽ സാധാരണക്കാർക്കിടയിലും കടുത്ത അമർഷമുണ്ട്.
ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു പിറ്റേന്നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. പുതിയ മന്ദിരത്തിൽ ശീതകാല സമ്മേളനം തുടങ്ങാനായിരുന്നു സർക്കാറിന്റെ നീക്കമെങ്കിലും പണി തീരാത്തതുകൊണ്ട് പഴയമന്ദിരത്തിൽ തന്നെ നടക്കും. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ രാഹുൽ ഗാന്ധി, ദിഗ്വിജയ്സിങ്, ജയ്റാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ കൂടുതൽ ദിവസങ്ങളിൽ ഹാജരാകാൻ ഇടയില്ല. ഈ മാസം 29 വരെയാണ് സമ്മേളനം. 16 പുതിയ ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.