ശീതകാല സമ്മേളനത്തിന് തുടക്കം; പതിവുവിട്ട് പാർലമെന്റ് ശാന്തം
text_fieldsന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് പതിവിനു വിപരീതമായി സമാധാനപരമായ തുടക്കം. ജനകീയ വിഷയങ്ങളിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി നിർത്തിപ്പൊരിക്കുമെന്നാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെട്ടതെങ്കിലും, അത്തരം വിഷയങ്ങളൊന്നും ഉയരാതെ ഇരുസഭകളും ആദ്യദിനം ശാന്തം.
സിറ്റിങ് എം.പി മുലായംസിങ്ങിന്റെയും എട്ട് മുൻ എം.പിമാരുടെയും നിര്യാണത്തിൽ അനുശോചിച്ച് ഒരു മണിക്കൂർ നടപടികൾ നിർത്തിവെച്ചശേഷം സഭ ചേർന്നപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ ബി.ജെ.പി തട്ടിയെടുത്തതിലെ പ്രതിഷേധമാണ് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി ഉയർത്തിയത്. സമിതിയുടെ ഘടനയിൽ മാറ്റം വരുത്തിയതിൽ തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ദോപാധ്യായയും വിയോജിപ്പ് പ്രകടിപ്പിച്ചു. സഭാധ്യക്ഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിലെ അനൗചിത്യം സ്പീക്കർ ഓം ബിർല ചൂണ്ടിക്കാട്ടിയതോടെ ആ പ്രതിഷേധവും തണുത്തു.
വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ ശൂന്യവേളയിൽ നിരവധി അംഗങ്ങൾക്ക് സ്പീക്കർ അവസരം കൊടുത്തപ്പോൾ വിഴിഞ്ഞം തുറമുഖ സമരം മുതൽ ചെറുതും വലുതുമായ നിരവധി വിഷയങ്ങൾ ഉയർന്നുവന്നു. എന്നാൽ, പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഷയങ്ങളൊന്നും ഉയർത്താതെ പ്രതിപക്ഷം അച്ചടക്കം പാലിച്ചു. വിലക്കയറ്റം, കാർഷിക പ്രശ്നം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ വരുംദിവസങ്ങളിൽ സഭയിൽ ഉയർത്തുമെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ യോജിച്ച നീക്കത്തിലല്ല.
പ്രതിപക്ഷത്തിന്റെ നടുത്തള പ്രതിഷേധത്തോടെയാണ് കഴിഞ്ഞ പല സമ്മേളനങ്ങളും തുടങ്ങിയതു തന്നെ. എന്നാൽ, വിഷയങ്ങൾക്ക് സഭയിൽ മറുപടി പറയുന്നതിൽനിന്ന് ഒളിച്ചോടാൻ സഭാ സ്തംഭനം ഭരണപക്ഷത്തിന് അവസരം നൽകുന്നുവെന്നാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ട് സഭാ സ്തംഭനം കഴിവതും ഒഴിവാക്കും.
പാർലമെന്റ് സമ്മേളനം കൂടുതൽ ഫലപ്രദമാക്കാൻ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങൾക്കായി നൽകിയ ഹ്രസ്വഭാഷണത്തിൽ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. സഭ സ്തംഭിക്കുന്നതുമൂലം വിഷയങ്ങൾ ഉന്നയിക്കാൻ പ്രയാസപ്പെടുന്നുവെന്ന് പ്രതിപക്ഷ അംഗങ്ങൾ അടക്കം തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ നടക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന്റെ ശേഷി ഉയർത്തിക്കാട്ടാനുള്ള അവസരം കൂടിയായി കാണണമെന്നും മോദി പറഞ്ഞു. ജി20നോടനുബന്ധിച്ച് പാർലമെന്റ് അധ്യക്ഷന്മാരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സ്പീക്കർ ഓം ബിർല ലോക്സഭയെ അറിയിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി ജഗദീപ് ധൻകർക്ക് രാജ്യസഭാധ്യക്ഷനെന്ന നിലയിൽ ആദ്യ സമ്മേളനമായിരുന്നു ബുധനാഴ്ച.ലോക്സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ പതിവുവിട്ട് നാലാംനിര ബെഞ്ചിലേക്ക് സോണിയ ഗാന്ധി മാറിയിരുന്നതും ശ്രദ്ധേയമായി. വീണ്ടും സഭ ചേർന്നപ്പോൾ സോണിയ ഒന്നാം നിരയിൽ ഇരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.