40 ദിവസം, 20 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അസം ബി.ജെ.പി സർക്കാറിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതി
text_fieldsഗുവഹാതി: രണ്ട് മാസം മുമ്പ് ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം അസമിൽ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത് 20 പേരെ. 40 ദിവസത്തിനിടെയാണ് ഇൗ 20 പേരും കൊല്ലപ്പെട്ടത്. ഇതിനെതിരേ ഡൽഹിയിലെ അഭിഭാഷകൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിനൽകി. വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരിൽ ഏറെയും ന്യൂനപക്ഷ സമുദായക്കാരാണെന്നും ഇവരാരും ആയുധങ്ങൾ ഉപയോഗിക്കുന്ന ക്രിമിനലുകൾ അല്ലെന്നും അഭിഭാഷകനായ ആരിഫ് ജാവ്ധർ പരാതിയിൽ പറയുന്നു.
രണ്ട് മാസം മുമ്പാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ബി.ജെ.പി സർക്കാർ അസമിൽ ചുമതലയേറ്റത്. ഇതിനുശേഷമാണ് ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. ജൂൺ ഒന്നിനുശേഷം, കസ്റ്റഡിയിലുള്ളവരോ റെയ്ഡിനിടയിൽ പിടിക്കപ്പെട്ടവരോ ആയ 20 പേരാണ് കൊല്ലപ്പെട്ടത്. ചെറുകിട കുറ്റവാളികളും മദ്യപരുമൊക്കെയാണ് കൊല്ലപ്പെട്ടവരിൽ അധികവും. എല്ലാ സംഭവത്തിലും, പ്രതികൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു, തങ്ങളുടെ ആയുധം പിടിച്ചെടുത്ത് ആക്രമിച്ചു തുടങ്ങിയ വാദങ്ങളാണ് പൊലീസ് ഉയർത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ചിലർ കന്നുകാലി കടത്ത് ആരോപിച്ച് പിടിക്കപ്പെട്ടവരാണ്.
ഞായറാഴ്ച നാഗോണിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ദിംഗിൽ നടന്ന വെടിവയ്പിൽ സൈനുൽ ആബിദീൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന്, കൊലപാതകം, മോഷണം, കൊള്ള തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിെൻറ ഉദാഹരണമാണ് ഏറ്റുമുട്ടൽ കൊലകളെന്ന് ഡിങ് നിയമസഭാംഗം അമീനുൽ ഇസ്ലാം പറയുന്നു. 'ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് അസം പോലീസ് ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ നടത്തുന്നത്.
കൊല്ലപ്പെട്ട സൈനുൽ ആബ്ദീനെപറ്റി എനിക്കറിയാം. അദ്ദേഹം ഒരു കൊള്ളക്കാരനല്ല. മദ്യപാനിയായിരുന്നു'-അമീനുൽ ഇസ്ലാം പറഞ്ഞു. കസ്റ്റഡി വെടിവയ്പ്പിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണ്. കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ കസ്റ്റഡി വെടിവയ്പ്പിനെ ന്യായീകരിച്ചിരുന്നു. കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ ഇത്തരം നടപടികൾ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.