കുഞ്ഞനുജന്‍റെ മൃതദേഹവും കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ റോഡരികിൽ അവൻ ഇരുന്നു; കരളലിയിക്കുന്ന കാഴ്ചയായി എട്ടുവയസുകാരൻ
text_fieldsഭോപ്പാൽ: വൃത്തിഹീനമായ റോഡരികിൽ നിലത്ത് മതിലിനോട് ചേർന്ന് അവൻ ഇരുന്നു, മടിയിൽ ചേതനയറ്റ കുഞ്ഞനുജന്‍റെ മൃതദേഹത്തെ വെള്ളത്തുണിയിൽ പൊതിഞ്ഞ് പിടിച്ചുകൊണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചതാണ് അവന്‍റെ അനുജൻ. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിന് പണമില്ലാതെ മറ്റേതെങ്കിലും വാഹനം കിട്ടുമോയെന്ന് അന്വേഷിക്കാൻ പോയ അച്ഛനെയും കാത്താണ് ആ എട്ടുവയസ്സുകാരന്‍റെ ഇരിപ്പ്. പൊതിഞ്ഞുപിടിച്ച വെള്ളത്തുണിക്കുള്ളിൽ നിന്ന് ഒരു കുഞ്ഞുകൈ പുറത്തേക്ക് നീണ്ടുകിടക്കുന്നുണ്ട്. ഒരു കൈ അനുജന്‍റെ മൃതദേഹത്തിൽ തലയിലും മറുകൈ നെഞ്ചിലും ചേർത്ത് അവൻ കാത്തിരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ മൊരേനയിലെ വഴിയോരത്തു നിന്നുള്ളതാണ് ദൈന്യതയുടെ ഈ നേർചിത്രം. എട്ട് വയസ്സുകാരൻ ഗുൽഷാൻ ആണ് തന്‍റെ രണ്ട് വയസുള്ള അനുജന്‍റെ മൃതദേഹവും കെട്ടിപ്പിടിച്ച് വഴിയരികിലിരുന്നത്. അച്ഛൻ പൂജാറാം യാദവ്, മകന്‍റെ മൃതദേഹം വീട്ടിലെത്തിക്കാൻ വാഹനത്തിന് പണം നൽകാനില്ലാതെ സഹായം തേടി അലയുകയായിരുന്നു.
മൊരേനയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ പകർത്തിയ ചിത്രങ്ങൾ ഉത്തരേന്ത്യൻ ഗ്രാമീണജീവിതത്തിലെ ദൈന്യതയുടെയും അവഗണനയുടെയും നേർചിത്രമാവുകയാണ്. അംഭയിലെ ബദ്ഫ്ര ഗ്രാമത്തിൽ നിന്നുള്ളയാളാണ് പൂജാറാം. ഭോപ്പാലിൽ നിന്ന് 450 കി.മീ അകലെയാണ് ഗ്രാമം. രണ്ട് വയസുകാരനായ ഇളയമകന് അസുഖം കലശലായതോടെ ഗ്രാമത്തിലെ ആശുപത്രിയിൽ നിന്ന് 30 കി.മീ അകലെയുള്ള ടൗണിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ അയക്കുകയായിരുന്നു.
അതിയായ വിളർച്ചയായിരുന്നു രണ്ട് വയസുകാരൻ രാജക്ക് അസുഖം. വയർ വെള്ളം നിറഞ്ഞ് വീർത്തുവരുന്ന സാഹചര്യവുമുണ്ടായി. ആശുപത്രിയിലെ ചികിത്സക്കിടെ മകൻ മരിക്കുകയായിരുന്നു. എന്നാൽ, മൃതദേഹം വീട്ടിലെത്തിക്കാൻ ഇവർക്ക് ആംബുലൻസ് ലഭിച്ചില്ല.
ആശുപത്രി അധികൃതരോട് പൂജാറാം ആംബുലൻസിന് ആവശ്യപ്പെട്ടെങ്കിലും അവിടെ വാഹനം ലഭ്യമല്ലായിരുന്നു. പുറത്തുനിന്ന് വിളിക്കാനായിരുന്നു മറുപടി ലഭിച്ചത്. 1500 രൂപയാണ് മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രി പരിസരത്തെ സ്വകാര്യ ആംബുലൻസുകാർ ചാർജായി ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും തുക പൂജാറാമിന് താങ്ങാനാവുമായിരുന്നില്ല.
തുടർന്ന് മൃതദേഹവുമായി പുറത്തിറങ്ങി മറ്റേതെങ്കിലും ചെലവ് കുറഞ്ഞ വാഹനം കിട്ടുമോയെന്ന അന്വേഷണമായി. അങ്ങനെയാണ് ടൗണിലെ നെഹ്റു പാർക്കിന് സമീപത്തെ മതിലിനരികിൽ മൂത്ത മകനെ ഇരുത്തി ഇളയമകന്‍റെ മൃതദേഹം മടിയിൽ വെച്ച് പൂജാറാം വാഹനം അന്വേഷിച്ചിറങ്ങിയത്. പിതാവ് വാഹനവുമായി വരുന്നതും കാത്ത് ആ എട്ടുവയസ്സുകാരൻ അനുജന്‍റെ മൃതദേഹവും നെഞ്ചോട് ചേർത്ത് നിറകണ്ണുകളോടെ വഴിയരികിൽ ഇരുന്നു.
സംഭവം വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടുകയും അധികൃതരെ അറിയിക്കുകയും ചെയ്തതോടെ പൊലീസ് സ്ഥലത്തെത്തി. ഗുൽഷാനെ തിരികെ ആശുപത്രിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയ ശേഷം പൂജാറാമിനെ വിവരമറിയിച്ച് പൊലീസ് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.