ഷിൻഡെയും ബി.ജെ.പിയും തമ്മിൽ അസ്വാരസ്യമോ? സൂചന നൽകി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
text_fieldsമുംബൈ: ബി.ജെ.പിയും ശിവസേന വിമതരും കൈകോർത്ത് മഹാരാഷ്ട്രയിൽ അധികാരത്തിലേറിയതിന് പിന്നാലെ ഇരു കക്ഷികളും തമ്മിൽ അസ്വാരസ്യത്തിന്‍റെ സൂചന നൽകി സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ കനത്ത ഹൃദയത്തോടെയാണ് ബി.ജെ.പി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിരതയുള്ള ഒരു സർക്കാർ വേണമെന്നുള്ളതുകൊണ്ടും എതിരാളികൾക്ക് കൃത്യമായ സന്ദേശം നൽകണമെന്നുള്ളതുകൊണ്ടുമാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. ബി.ജെ.പി കേന്ദ്ര നേതൃത്വവും ദേവേന്ദ്ര ഫഡ്നാവിസും ഷിൻഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്. സന്തോഷത്തോടെയല്ലെങ്കിലും ഞങ്ങൾക്ക് ആ തീരുമാനം അംഗീകരിക്കേണ്ടിവന്നു -ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സർക്കാറിനെ താഴെയിറക്കി ശിവസേന വിമതരും ബി.ജെ.പിയും സർക്കാർ രൂപവത്കരിച്ചെങ്കിലും, ബി.ജെ.പിക്കുള്ളിൽ നീരസം വളരുകയാണെന്നുള്ള സൂചനയാണ് സംസ്ഥാന അധ്യക്ഷന്‍റെ വാക്കുകളിൽ തെളിഞ്ഞത്. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച അദ്ദേഹത്തിന്‍റെ വാക്കുകൾ. 'ഞങ്ങളെല്ലാം ദു:ഖിതരായിരുന്നു. എന്നാൽ, അത് അംഗീകരിച്ചു തന്നെ മുന്നോട്ടുപോകേണ്ടിവന്നു. ഈ വണ്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്' -ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
ജൂൺ 30നാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ കളംമാറിച്ചവിട്ടിയതാണ് എം.വി.എ സർക്കാറിന്‍റെ പതനത്തിലേക്ക് നയിച്ചത്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ഏക്നാഥ് ഷിൻഡെ ബി.ജെ.പിയുമായി വിലപേശി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നിലപാടെടുത്തുവെങ്കിലും, ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്ന് അദ്ദേഹം ഉപമുഖ്യമന്ത്രിയാവാൻ തയാറാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.