‘ഞങ്ങൾ മൂന്ന് ദിവസമായി ഉറങ്ങിയത് റോഡിൽ, ആരും വാടക വീട് പോലും തരുന്നില്ല’ -ഹരിയാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്ത കുടിലുകളിലെ താമസക്കാർ
text_fieldsനൂഹ്: “ഞാൻ ഇവിടെ ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്റെ കുടുംബം താമസിച്ചിരുന്ന ചേരിയിലെ വീടും സർക്കാർ പൊളിച്ചു. ആരും വാടക വീട് പോലും തരുന്നില്ല. മൂന്ന് ദിവസമായി കുടുംബസമേതം റോഡിലാണ് ഉറക്കം. താമസിക്കാനിടമില്ലാത്തതിനാൽ ഞങ്ങൾ അസമിലേക്ക് മടങ്ങുകയാണ്’ -ഹാഷിമിന്റെ ശബ്ദമിടറി. "അവർ ഞങ്ങളെ റോഹിങ്ക്യകൾ എന്ന് വിളിച്ചു. ഞങ്ങൾ റോഹിങ്ക്യക്കാർ അല്ല. ഇന്ത്യക്കാരാണ്. ഞങ്ങൾക്കും ഈ രാജ്യത്ത് അവകാശങ്ങളുണ്ട്” -അദ്ദേഹം പറഞ്ഞു.
2018 മുതൽ ഹരിയാനയിലെ നൂഹ് ജില്ലയിൽ ടൗരുവിലെ ചേരിപ്രദേശത്ത് താമസിക്കുകയാണ് ഹാഷിമും കുടുംബവും. ജൂലൈ 31ന് നടന്ന വർഗീയ സംഘർഷങ്ങളെത്തുടർന്ന് ഹരിയാന സർക്കാർ നൂഹ് മേഖലയിലെ ന്യൂനപക്ഷ സമുദായക്കാരുടെ 200ഓളം കുടിലുകളാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തത്. ഇവിടങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ ഇപ്പോൾ കിടന്നുറങ്ങാനിടമില്ലാതെ പകച്ചുനിൽക്കുകയാണ്.
“ഞങ്ങളുടെ വീട് തകർത്തതിനാൽ രണ്ട് ദിവസം റോഡിലായിരുന്നു ഉറക്കം. ഇപ്പോൾ ഗുരുഗ്രാമിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് മാറി” -നൂർ ആലം എന്നയാൾ പറഞ്ഞു. ജൂലൈ 31 ന് നൂഹ് ജില്ലയിൽ നടന്ന സംഘർഷത്തിനിടെ ഈ ചേരിയിലെ 14 യുവാക്കൾ കല്ലേറിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് ആഗസ്റ്റ് രണ്ടിന് പൊലീസ് സഹായത്തോടെ കുടിലുകൾ നാമവശേഷമാക്കിയത്. തങ്ങൾ ഒരു ദശാബ്ദത്തോളം ജീവിതം കഴിച്ചുകൂട്ടിയ ഈ പ്രദേശത്ത് നിന്ന് ഔദ്യോഗിക നോട്ടീസ് പോലും നൽകാതെ ഒറ്റരാത്രിയിൽ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
തങ്ങൾ ഇന്ത്യൻ പൗരൻമാരാണെന്നതിന് ആധാർ കാർഡും പാൻ കാർഡുകളും അടക്കമുള്ള തെളിവുകളും ഇവർ ഹാജരാക്കി. പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള ഇവരെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരായും റോഹിങ്ക്യക്കാരായും മുദ്രകുത്തി വ്യാപക പ്രചാരണമാണ് ബി.ജെ.പി അഴിച്ചുവിടുന്നത്.
“ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല. ഭക്ഷണവുമില്ല, ഈ മഴക്കാലത്ത് കിടക്കാൻ മേൽക്കൂരയുമില്ല. അധികാരികളോ മറ്റോ ഞങ്ങൾ എങ്ങിനെ ജീവിക്കുന്നുവെന്ന് തിരിഞ്ഞുനോക്കുന്നില്ല” -ചേരിയിലെ മറ്റൊരു താമസക്കാരനായ ഹസൻ അലി വിലപിച്ചു. ഇവിടെ തുടർന്ന് താമസിക്കുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഹംസ ഖാൻ എന്നയാൾ പറഞ്ഞു. ‘ഈ പ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനായി തങ്ങളുടെ സംസ്ഥാനമായ അസമിലും പശ്ചിമ ബംഗാളിലും പോകുന്വരാണ്. ഇപ്പോൾ ഇവിടെ തുടരാൻ യാതൊരു വഴിയുമില്ല. ഭൂരിഭാഗവും അവരുടെ നാടുകളിലേക്ക് മടങ്ങി, ഞാനും ഉടൻ പോകും” -ഖാൻ പറഞ്ഞു. സംഘർഷാനന്തരം സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന ‘ബുൾഡോസർ രാജ്’ ഇവിടത്തുകാരിൽ ഭീതി വിതച്ചിരിക്കുകയാണ്. തങ്ങൾ എപ്പോൾ വേണമെങ്കിലും ടാർഗെറ്റുചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ഈ മനുഷ്യർ.
അതേസമയം, ടൗരു പ്രദേശത്തെ ഹരിയാന ഷഹരി വികാസ് പ്രതികരണിന്റെ (എച്ച്.എസ്.വി.പി) ഭൂമിയിൽ അനധികൃതമായി കുടിൽ കെട്ടിയിരുന്നവരെയാണ് ഉൻമൂലനം ചെയ്തതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.