ഈ സ്നേഹം കാണാൻ മോഹിത് ഇല്ല! കുടുംബത്തിന് 26 ലക്ഷം രൂപ നൽകി നന്മമനസ്സുകൾ
text_fieldsലഖ്നോ: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരയായി ജീവനൊടുക്കിയ മോഹിത് യാദവിന്റെ കുടുംബത്തിന് കൈത്താങ്ങായി രാജ്യമെമ്പാടുമുള്ള സുമനസ്സുകൾ. മോഹിത്തിന്റെ വിയോഗം അറിഞ്ഞ് ഹൃദയം നുറുങ്ങിയ അപരിചിതരായ 1852 പേരാണ് രാജ്യത്തിെന്റ പലകോണുകളിൽനിന്നായി കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നത്.
യു.പിയിൽ ആത്മഹത്യചെയ്ത ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ (യു.പി.എസ്.ആർ.ടിസി) കരാർ കണ്ടക്ടറായിരുന്ന മോഹിത്തിന്റെ കുടുംബത്തിന് 26.02 ലക്ഷം രൂപ മൂന്ന് ദിവസംകൊണ്ട് സമാഹരിച്ചു. മതവൈരം തലക്ക് പിടിച്ച ഉത്തർപ്രദേശിലെ സംഘ്പരിവാർ അനുകൂലികളുടെ സൈബർ ആക്രമണത്തെ തുടർന്ന് ജോലി നഷ്ടമായതോടെയാണ് ഈ യുവാവ് ജീവനൊടുക്കിയത്. മരണത്തിലൂടെ ഏക അത്താണിയും നഷ്ടപ്പെട്ട കുടുംബത്തിന് തുക ഉടൻ കൈമാറുമെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ട്വിറ്ററിൽ അറിയിച്ചു.
കഴിഞ്ഞ ജൂൺ അഞ്ചിനാണ് മോഹിത്തിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജൂൺ മൂന്നിന് ബറേലി -ഡൽഹി യാത്രക്കിടെ രണ്ട് മുസ്‍ലിം യാത്രക്കാർക്ക് നമസ്‌കാരം നടത്താനായി ബസ് നിർത്തിയെന്നാരോപിച്ചായിരുന്നു മോഹിത്തിനെയും ഡ്രൈവറെയും പിരിച്ചുവിട്ടത്. 17,000 രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി നഷ്‌ടപ്പെട്ടതിനെ തുടർനന് നിത്യവൃത്തിക്ക് പോലും പണമില്ലാതെ കഷ്ടപ്പെട്ട ഈ യുവാവ് കഴിഞ്ഞ ഞായറാഴ്ച വീടുവിട്ടിറങ്ങി. തിങ്കളാഴ്ച പുലർച്ചെ മെയ്ൻപുരി ജില്ലയിലെ ഗിരോറിൽ റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനാൽ മോഹിത് കടുത്ത വിഷാദത്തിന് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
290 കി.മീ ദൂരമുള്ള ബറേലി -ഡൽഹി ട്രിപ്പിനിടയിൽ യാത്രക്കാർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയതാണ് സംഭവത്തിന് തുടക്കം. ഈ സമയത്ത് രണ്ട് യാത്രക്കാർ നമസ്കരിച്ചത് വിഡിയോയിൽ പകർത്തി സംഘ്പരിവാറുകാരും തീവ്ര ഹിന്ദുത്വവാദികളും വിവാദമാക്കുകയായിരുന്നു.
മോഹിത്തിന്റെ മരണത്തോടെ പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്ന് വയസ്സുള്ള മകനും തീർത്തും അനാഥരായി. തൊഴിൽ രഹിതരായ രണ്ട് സഹോദരങ്ങളും അവിവാഹിതയായ സഹോദരിയുമാണ് കുടുംബത്തിലുള്ളത്. ഇതേതുടർന്നാണ് അഭ്യുദയകാംക്ഷികളുടെ നേതൃത്വത്തിൽ കുടുംബത്തിന് വേണ്ടി ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റിലൂടെ ധനസമാഹരണ കാമ്പയിൻ തുടങ്ങിയത്. ബുധനാഴ്ച ആരംഭിച്ച ധനശേഖരണം ഇന്നലെ അവസാനിപ്പിച്ചു. ഇതിനകം 26,02,056 രൂപയാണ് വാഗ്ദാനം ചെയ്തത്. 1,852 പേർ പങ്കാളികളായി.
“സാമ്പത്തിക പ്രയാസം കാരണം ഞങ്ങൾ ധനസമാഹരണത്തിന് സമ്മതിച്ചു. ആളുകളുടെ പ്രതികരണം കണ്ട് ഞാൻ ഞെട്ടിപ്പോയി. വെള്ളിയാഴ്‌ചയോടെ തന്നെ 15 ലക്ഷത്തിലധികം രൂപ സമാഹരിച്ചു. ഫണ്ട് ഉടൻ ട്രാൻസ്ഫർ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്” -സഹോദരൻ രോഹിത് യാദവ് പറഞ്ഞു. കുടുംബത്തിന് യു.പി സർക്കാർ ഇതുവരെ ധനസഹായം ഒന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവർക്കും നന്ദി. ലക്ഷ്യം കൈവരിച്ചു. 3-4 ദിവസത്തിനുള്ളിൽ തുക കുടുംബത്തിന് കൈമാറും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ധനശേഖരണ ലിങ്ക് പങ്കിട്ടവർക്കെല്ലാം നന്ദി. തുക കുടുംബത്തിന് കൈമാറിയാൽ അറിയിക്കാം. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും കുട്ടികളുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യാനും കുറച്ച് അഭ്യുദയകാംക്ഷികൾ മുന്നോട്ട് വന്നിട്ടുണ്ട്’ -മുഹമ്മദ് സുബൈർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.