ഉപതെരഞ്ഞെടുപ്പിൽ പിന്മാറണം; ബി.ജെ.പിക്ക് രാജ് താക്കറെയുടെ കത്ത്
text_fieldsമുംബൈ: അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പിയോട് പിന്മാറാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റ് രാജ് താക്കറെയുടെ കത്ത്. അന്തരിച്ച എം.എൽ.എ രമേശ് ലഡ്കെയുടെ ഭാര്യ രുതുജ ലഡ്കെ മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജിന്റെ അപേക്ഷ. ശിവസേന ഉദ്ധവ് താക്കറെ പക്ഷം സ്ഥാനാർഥിയാണ് രുതുജ. ബി.ജെ.പിയുടെ മുർജി പട്ടേലാണ് എതിർ സ്ഥാനാർഥി. പ്രാചരണം കൊഴുക്കുന്നതിനിടെയാണ് രാജിന്റെ ഇടപെടൽ.
മികച്ച ജനസേവകനായിരുന്ന രമേശ് ലഡ്കെയുടെ ആത്മശാന്തിക്കായി അദ്ദേഹത്തിന്റെ ഭാര്യ രുതുജയെ എം.എൽ.എ ആക്കണമെന്ന് രാജ് പറഞ്ഞു. പാർട്ടി നേതാക്കളുമായും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന പക്ഷവുമായും വിഷയം ചർച്ചചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ഉദ്ധവ്-ഷിൻഡെ പക്ഷങ്ങളുടെ ശക്തി പരീക്ഷണമായാണ് ഉപതെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. പരാജയം ഭയന്ന് ബി.ജെ.പി രാജിനെ ഇറക്കിയതാണെന്ന് ഉദ്ധവ് പക്ഷം ആരോപിച്ചു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നഗരസഭ തെരഞ്ഞെടുപ്പിൽ സംവരണ വാർഡിൽ മത്സരിച്ച് ജയിച്ച മുർജി പട്ടേലിന്റെ നഗരസഭ അംഗത്വം കോടതി റദ്ദാക്കിയത് ഉദ്ധവ് പക്ഷം കുത്തിപ്പൊക്കിയിട്ടുണ്ട്.
പ്രകാശ് അംബേദ്കറുമായി സഖ്യത്തിന് ഉദ്ധവ് താക്കറെ
മുംബൈ: നവംബറിലെ ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറിന്റെ പേരമകൻ പ്രകാശ് അംബേദ്കറുമായി സഖ്യത്തിന് പിൻവാതിൽ ചർച്ചയുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷം.
പിളർപ്പിനെ തുടർന്ന് പാർട്ടിയുടെ ഹിന്ദുത്വ വോട്ടുബാങ്കിൽ ഉണ്ടായേക്കാവുന്ന വിള്ളൽ മുന്നിൽ കണ്ടാണ് ഉദ്ധവിന്റെ നീക്കം. ദലിത്, പിന്നാക്കക്കാരെയും അവഗണിക്കപ്പെടുന്ന മുന്നാക്ക സമുദായക്കാരെയും കോർത്തിണക്കിയ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയിലൂടെ ഇത് മറികടക്കാമെന്ന് ഉദ്ധവ് കരുതുന്നു. ശിവസേന ഉദ്ധവ് പക്ഷവുമായോ കോൺഗ്രസുമായോ സഖ്യമാകാം. എന്നാൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാവികാസ് അഗാഡിയുമായി സഖ്യത്തിനില്ല എന്ന നിലപാടാണ് പ്രകാശ് അംബേദ്കറിനുള്ളത്. ശരദ് പവാറിന്റെ എൻ.സി.പിയെ ഒഴിവാക്കുന്നതാണ് നിലപാട്.
സഖ്യ ചർച്ച നടക്കുന്നതായി ഇരുവിഭാഗം നേതാക്കളും സമ്മതിച്ചു. 2019ലെ ലോക്സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്, എൻ.സി.പി സഖ്യത്തിന്റെ വിജയസാധ്യതക്ക് തടസ്സമായത് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.