കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കൽ: ബില്ലിന് മന്ത്രിസഭ അംഗീകാരം, താങ്ങുവിലയിൽ കേന്ദ്രത്തിന് മൗനം
text_fieldsന്യൂഡൽഹി: കർഷകർക്ക് ദ്രോഹകരമായ മൂന്നു വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, കാർഷികവിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) നിയമപരമായി ഉറപ്പുനൽകാൻ ഇനിയും നടപടിയായിട്ടില്ല.
വെള്ളിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനപ്രകാരമുള്ള ഔപചാരിക നടപടിയാണ് മന്ത്രിസഭ പൂർത്തിയാക്കിയത്. കാർഷികവിള വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമമാണ് പിൻവലിക്കുന്നവയിൽ ഒന്ന്. വിലസ്ഥിരത, കാർഷിക സേവനം എന്നിവക്കായുള്ള കർഷക ശാക്തീകരണ, സംരക്ഷണ കരാർ നിയമമാണ് മറ്റൊന്ന്. മൂന്നാമത്തേത് അവശ്യസാധന ഭേദഗതി നിയമം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാസാക്കിയ ഈ നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിന് സർക്കാർ പാർലമെൻറിൽ മുൻഗണന നൽകുമെന്ന് വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ വിശദീകരിച്ചു. കർഷകർ സമരം തുടരുകയാണെന്നിരിക്കെ, മിനിമം താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ തീരുമാനം എന്താണെന്ന വാർത്തലേഖകരുടെ ചോദ്യങ്ങളിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം, വീടുകളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തെങ്കിലും കർഷകർ പ്രക്ഷോഭം തുടരുകതന്നെയാണ്. മിനിമം താങ്ങുവിലയ്ക്ക് വിള സംഭരണം നടത്തുമെന്ന നിയമപരമായ ഉറപ്പുകിട്ടണമെന്നതടക്കം ആറ് ആവശ്യങ്ങൾ ഉന്നയിച്ച് 40ൽപരം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
കർഷകരെ വണ്ടികയറ്റി കൊന്ന ലഖിംപുർ സംഭവത്തിൽ അജയ് മിശ്രയെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, ജീവൻ പൊലിഞ്ഞ കർഷകർക്ക് സ്മാരകം പണിയുക, ഡൽഹി വായു മലിനീകരണ നിയന്ത്രണ കമീഷെൻറ കർഷക ശിക്ഷ വ്യവസ്ഥ എടുത്തുകളയുക, ൈവദ്യുതി നിയമഭേദഗതിയുടെ കരട് ബിൽ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
കർഷകവിരുദ്ധ നിയമങ്ങൾക്കെതിരായ സമരത്തിെൻറ ഒന്നാം വാർഷികം പ്രമാണിച്ച് തിങ്കളാഴ്ച പാർലമെൻറ് മാർച്ച് നടത്താനിരിക്കുകയാണ് കർഷകർ. ഇതിനെല്ലാമിടയിൽതന്നെയാണ് മിനിമം താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ മൗനം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.