തൊഴിലാളികൾ കോടതി കയറി; യോഗി സർക്കാർ തൊഴിലാളി വിരുദ്ധ നിയമം പിൻവലിച്ചു
text_fieldsലഖ്നോ: ലോക്ഡൗണിെൻറ മറവിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ നിയമം ഒടുവിൽ പിൻവലിച്ചു. നിയമത്തിനെതിരെ തൊഴിലാളി സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം.
1948ലെ ഫാക്ടറി നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്ന വിജ്ഞാപനമാണ് മേയ് എട്ടിന് സർക്കാർ പാസാക്കിയത്. ഇതുപ്രകാരം, ദൈനംദിന ജോലി സമയം നിലവിലുള്ള 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തിയിരുന്നു. ഫാക്ടറി ഉടമകൾക്ക് ഇളവുകൾ നൽകുകയും ചെയ്തു.
ഇതിനെതിരെ യു.പി വർക്കേഴ്സ് ഫ്രണ്ട് എന്ന സംഘടനയാണ് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. വിഷയം പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരുന്നു. തൊഴിൽ സമയം വർധിപ്പിക്കാനുള്ള വിജ്ഞാപനം പിൻവലിച്ച് വിവരം കോടതിയെ അറിയിക്കണമെന്ന് തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുരേഷ് ചന്ദ്രക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാർ വിജ്ഞാപനം പിൻവലിച്ചത്.
യു.പി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ആർ.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ് ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതെന്നാണ് ബി.എം.എസ് ആരോപിച്ചത്.
തൊഴിലാളി ദ്രോഹനയം പിൻവലിക്കാനാവശ്യപ്പെട്ട് പ്രസ്തുത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സംഘടന കത്തെഴുതിയിരുന്നു. എന്നാൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മാത്രമാണ് ഞങ്ങളുടെ പ്രതിനിധി സംഘത്തെ കാണാനുള്ള മര്യാദയെങ്കിലും കാണിച്ചതെന്ന് ബി.എം.എസ് ദേശീയ കമ്മറ്റി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.