‘ഇൻഡ്യ’ ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല
text_fields10 വർഷത്തെ ഭരണം സൃഷ്ടിച്ച വിരുദ്ധ വികാരത്തെ വോട്ടാക്കി അനായാസം ഭരണത്തിലേറാമായിരുന്ന ഒരു സംസ്ഥാനം കൂടി അവസാന നിമിഷം ബി.ജെ.പിക്ക് തളികയിൽ വെച്ചുകൊടുത്ത് കോൺഗ്രസ്.
ദേശീയ തലത്തിൽ രാഹുൽ ഗാന്ധി വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മർമം അറിയാത്ത പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അതിരു കടന്ന ആത്മവിശ്വാസത്തിനും മുഖ്യമന്ത്രി മോഹങ്ങൾക്കും ഒരിക്കൽ കൂടി വിലയൊടുക്കി രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എന്നുവേണം പറയാൻ.
മുഖ്യമന്ത്രി കസേരക്ക് മറ്റൊരു അവകാശിയുണ്ടാകാതിരിക്കാൻ ആരെയും അടുപ്പിക്കാതെ നയിക്കാൻ താനൊറ്റക്ക് മതിയെന്ന് തീരുമാനിച്ച കമൽനാഥിന് മധ്യപ്രദേശിലും അശോക് ഗഹ് ലോട്ടിന് രാജസ്ഥാനിലും സംഭവിച്ചതെന്തോ അതുതന്നെയാണ് ഭൂപീന്ദർ സിങ് ഹൂഡക്ക് ഹരിയാനയിലും നേരിടേണ്ടി വന്നത്.
ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് ‘ഇൻഡ്യ’ സഖ്യമായി മത്സരിച്ചതുപോലെ ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി ചേരണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതിന് വിലങ്ങടിച്ചുനിന്ന ഉമർ അബ്ദുല്ല ദയനീയ തോൽവിയിൽ നിന്ന് പഠിച്ച പാഠമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തിലേക്കും വിജയത്തിലേക്കും നയിച്ചത്.
മുഖ്യമന്ത്രി പദത്തിനായി കണ്ണുനട്ടിരുന്ന ദീപേന്ദർ ഹൂഡയും കുമാരി ഷെൽജയും രൺദീപ് സിങ് സുർജെവാലയുമെല്ലാം ആപ്പുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ നിലകൊണ്ടതോടെ ഹരിയാനയിൽ കോൺഗ്രസ് പരാജയത്തിന്റെ ആദ്യറൗണ്ടിലെത്തിയിരുന്നു. ആപ്പിന് മത്സരിക്കാൻ കൊടുത്ത ഏക ലോക്സഭാ സീറ്റിൽ അവർക്ക് കിട്ടിയ വോട്ടുകളാണ് സഖ്യം വേണ്ടെന്നുപറയാൻ ഇവർ ചൂണ്ടിക്കാട്ടിയതെങ്കിൽ ആപ്പിനെ പിടിച്ചുണ്ടാക്കുന്ന ഇൻഡ്യ ബാനറിലൂടെ ദലിതുകളും സാധാരണക്കാരും അടങ്ങുന്ന വലിയൊരു വിഭാഗത്തെക്കൊണ്ട് കോൺഗ്രസിന് വോട്ടു ചെയ്യിക്കാമെന്നാണ് രാഹുൽ കണക്കുകൂട്ടിയത്.
മത്സരം ജാട്ട് മേധാവിത്വമുള്ള കോൺഗ്രസിനും ജാട്ട് വിരുദ്ധത പയറ്റിയ ബി.ജെ.പിക്കുമിടയിൽ മുറുകിയതോടെ രാഹുൽ കണ്ണുവെച്ച അത്തരം വിഭാഗങ്ങളുടെയെല്ലാം വോട്ടുകൾ ആപ്പിന് പോലും കിട്ടാതെ ജാട്ടുകൾക്കെതിരെ ബി.ജെ.പിയിൽ കേന്ദ്രീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.