ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ വ്യക്തിപരമായി അനുകൂലിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വൈകാരിക വിഷയമായി കോൺഗ്രസ് കാണുന്നതിനാൽ, ആ നിലപാടിന് വഴങ്ങുന്നുവെന്ന് മാത്രം.
ഇന്ദോറിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിനിടയിൽ ഉയർന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ. ‘‘ശബരിമല വിഷയത്തിൽ ഞാനും പാർട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. അവർക്ക് എവിടെയും പോകാൻ അനുമതി ഉണ്ടാകണം’’ -രാഹുൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും വളരെ വൈകാരിക വിഷയമാണ് ശബരിമല എന്നാണ് കോൺഗ്രസ് കരുതുന്നത്. കേരളത്തിലെ സ്ത്രീകൾ അടക്കമുള്ളവർ പാർട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നു. കേരളത്തിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടു തന്നെ താൻ പാർട്ടി നിലപാടിന് വഴങ്ങുന്നു -രാഹുൽ കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധി മാനിക്കുേമ്പാൾ തന്നെ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരായ നിലപാടിലാണ് കേരളത്തിൽ തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്നത്. വിശ്വാസികൾക്കൊപ്പം പാർട്ടി നിൽക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാട്. ഇതുമൂലം ബി.ജെ.പിക്കൊപ്പം ചേർന്ന് മൃദുഹിന്ദുത്വം കളിക്കുകയാണ് കോൺഗ്രസെന്ന പഴി കേൾക്കേണ്ടി വരുന്നുമുണ്ട്.
ഇതിനിടയിലാണ് പാർട്ടി അധ്യക്ഷെൻറ നിലപാട് വ്യത്യസ്തമാണെന്ന പ്രസ്താവന പുറത്തുവരുന്നത്. ഇൗ വൈരുധ്യം വിശദീകരിക്കാൻ നേതാക്കൾ പാടുപെടുന്നു. ഒരുവശത്ത് സി.പി.എമ്മും മറുവശത്ത് ബി.ജെ.പിയും കോൺഗ്രസിനെതിരെ ഇത് ആയുധമാക്കുന്നു. യുവ എം.എൽ.എ വി.ടി. ബൽറാം അടക്കം കോൺഗ്രസിൽ എതിരഭിപ്രായമുള്ളവർക്കും രാഹുലിെൻറ പ്രസ്താവന ആഹ്ലാദകരമായി. രാഹുൽ ഇൗശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് അധ്യക്ഷനെന്ന പ്രസ്താവനയോടെയാണ് പാർട്ടിയുടെ ശബരിമല നിലപാടിനെ ബൽറാം വിമർശിച്ചത്.
ശബരിമല വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടിക്കാരനായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനെ കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകരുമായ അഭിഷേക് സിങ്വി, കപിൽ സിബൽ എന്നിവരാണ് ഇക്കാര്യത്തിൽ സഹായം. ഇതിനെല്ലാമിടയിലാണ് രാഹുലിെൻറ തുറന്നുപറച്ചിൽ.
രാഹുലും കേരള ഘടകവും രണ്ടുതട്ടിൽ നിൽക്കുന്നതിനെക്കുറിച്ച ചോദ്യങ്ങൾക്ക്, അഭിപ്രായവ്യത്യാസം ജനാധിപത്യത്തിെൻറ ഭാഗമാണെന്ന വിശദീകരണമാണ് എ.െഎ.സി.സി നൽകിയത്. അതിൽ അപാകതയില്ലെന്നും എ.െഎ.സി.സി വക്താവ് ആനന്ദ് ശർമ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.