ബഹുഭാര്യത്വം: ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈകോടതി
text_fieldsഗാന്ധിനഗർ: ഭർത്താവിനൊപ്പം കഴിയണമെന്ന നിർദേശം ആദ്യ ഭാര്യക്ക് നിരസിക്കാമെന്ന് ഗുജറാത്ത് ഹൈകോടതി. ''മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്'' ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിരീക്ഷണം.
ഭർത്താവിനൊപ്പം കഴിയണമെന്ന കുടുംബകോടതി വിധി ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഭർത്താവിനൊപ്പം കഴിയണമെന്നും ദാമ്പത്യ അവകാശങ്ങൾ നിലനിർത്തണമെന്നും കോടതിവിധിയിലൂടെ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, നിരാൽ മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭർതൃവീട്ടിലേക്ക് മടങ്ങണമെന്നും ദാമ്പത്യ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നുമുള്ള ബനസ്കന്ത കുടുംബ കോടതിയുടെ 2021 ജൂലൈയിലെ വിധിക്കെതിരെ യുവതി നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
നഴ്സായി ജോലിചെയ്യുന്ന യുവതിയോട് ആസ്ട്രേലിയയിലേക്ക് കുടിയേറാനും അവിടെ ജോലി ചെയ്യാനും ഭർതൃകുടുംബം നിർബന്ധിച്ചതിനെ തുടർന്ന് 2017ൽ മകനെയുംകൊണ്ട് ഭർതൃവീട് ഉപേക്ഷിച്ച് വേറെ താമസം തുടങ്ങിയിരുന്നു.
നിയമപരമായ കാരണങ്ങളൊന്നുമില്ലാതെയാണ് യുവതി വീടുപേക്ഷിച്ചതെന്ന് ആരോപിച്ച ഭർത്താവ്, ഭാര്യയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുടുംബകോടതിയെ സമീപിച്ചു. ഭർത്താവിന് അനുകൂലമായി വിധിച്ച കുടുംബകോടതി യുവതിയോട് ഭർതൃവീട്ടിലേക്ക് തിരിച്ചു പോകണമെന്ന് ഉത്തരവിടുകയായിരുന്നു.
ഇതിനെതിരെയാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. ഭാര്യ വീടുപേക്ഷിച്ചുപോയ സന്ദർഭത്തിൽ, മുസ്ലിം വ്യക്തിനിയമത്തിൽ ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി മറ്റൊരു വിവാഹം കഴിച്ച ഭർത്താവിന് അനുകൂലമായി വിധിച്ച കുടുംബകോടതി നടപടിയെയും ഹൈകോടതി ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.