മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഡൽഹി ഇൻഡർലോക്ക് സ്റ്റേഷനിലായിരുന്നു സംഭവം. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം. ഡിസംബർ 14നായിരുന്നു മെട്രോ ട്രെയിനിന്റെ വാതിലിൽ യുവതിയുടെ സാരി കുടുങ്ങിയത്. തുടർന്ന് ആശുപത്രിയിൽ രണ്ട് ദിവസം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം ശനിയാഴ്ചയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
യുവതി മെട്രോയിലേക്ക് കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ സാരി കുടുങ്ങിയതെന്നതിൽ വ്യക്തത വന്നിട്ടില്ല. മോഹൻ നഗറിൽ നിന്നും പശ്ചിമ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്ന് ബന്ധുക്കൾ അറിയിച്ചു. ഇൻഡർലോക്ക് സ്റ്റേഷനിൽ ട്രെയിൻ മാറിക്കയറുന്നതിനായാണ് ഇവർ എത്തിയത്.
അതേസമയം, അപകടത്തെ സംബന്ധിച്ച് ഡൽഹി മെട്രോയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ് ദയാൽ പ്രതികരിച്ചിട്ടുണ്ട്. ഇൻഡർലോക്ക് മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തിന് കാരണം ട്രെയിനിന്റെ വാതിലിൽ യുവതിയുടെ വസ്ത്രത്തിന്റെ ഭാഗം കുടുങ്ങിയതാണെന്ന് മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച് മെട്രോ റെയിൽവേ സേഫ്റ്റി കമീഷണർ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.