തടവുപുള്ളികൾക്ക് വേണ്ടിയുള്ളതാണോ ഇത്? ട്രെയിൻ ഭക്ഷണം ഗുണനിലവാരമില്ലെന്ന് പരാതി; പ്രതികരണവുമായി ഐ.ആർ.സി.ടി.സി
text_fieldsന്യൂഡൽഹി: ട്രെയിൻ യാത്രയിൽ ആളുകളുടെ ഏറ്റവും വലിയ ആശങ്കയാണ് ഭക്ഷണം. ഭക്ഷണം ശരിയായില്ലെങ്കിൽ അത് മൊത്തം യാത്രയെ ബാധിക്കും. പലരും വീട്ടിൽ നിന്ന് തയാറാക്കിയ ഭക്ഷണവുമായി യാത്ര ചെയ്യുന്നത് അതുകൊണ്ടാണ്.
ട്രെയിനിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് പലപ്പോഴും രുചിയുണ്ടാകില്ല, ഗുണനിലവാരത്തെ കുറിച്ചാണെങ്കിൽ പറയുകയും വേണ്ട. അടുത്തിടെയാണ് ഇന്ത്യൻ ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് ഒരു സ്ത്രീ ട്വിറ്ററിൽ പരാതിപ്പെട്ടത്. ദാൽ, സബ്സി, റൊട്ടി, റൈസ് എന്നിവയടങ്ങിയ ഭക്ഷണപാത്രം സഹിതമാണ് ഭൂമിക ട്വീറ്റ് ചെയ്തത്. ഐ.ആർ.സി.ടി.സി യിലെ ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും ഈ ഭക്ഷണം രുചിച്ചു നോക്കിയിട്ടുണ്ടോ എന്നും അവർ ചോദിച്ചു. സ്വന്തം കുടുംബത്തിനോ കുട്ടികൾക്കോ ഇത്തരത്തിലുള്ള ഗുണനിലവാരമില്ലാത്ത, രുചിയില്ലാത്ത ഭക്ഷണം നൽകുമോ? തടവുപുള്ളികൾക്ക് തയാറാക്കുന്ന ഭക്ഷണമാണ് ഇതെന്നാണ് തോന്നിയത്. ട്രെയിൻ ടിക്കറ്റ് വില ഓരോ ദിവസവും കൂട്ടിക്കൊണ്ടിരിക്കുമ്പോൾ, നല്ല ക്വാളിറ്റിയുള്ള ഭക്ഷണവും യാത്രക്കാർക്ക് നൽകാൻ ഐ.ആർ.സി.ടി.സി അധികൃതർ ബാധ്യസ്ഥരാണ്.-എന്നാണ് ഭൂമിക കുറിച്ചത്.
ഈ പോസ്റ്റ് ഏതെങ്കിലും ഐ.ആർ.സി.ടി.സി ട്രെയിൻ ജീവനക്കാരനെ ഉദ്ദേശിച്ചുള്ളതല്ലെന്നും അവർ, അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ട്വീറ്റിനു താഴെ സമാന അനുഭവം പങ്കുവെച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ഭക്ഷണം കൂടി ബുക്ക് ചെയ്യുന്നത് ഒഴിവാക്കി വീട്ടിൽ നിന്ന് തയാറാക്കി കൊണ്ടുവരികയാണ് നല്ലത് എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഗുണനിലവാരമില്ലാത്ത ഭക്ഷണവും കഴിച്ച് ഒടുവിൽ വൃത്തിഹീനമായ വാഷ്റൂമിൽ പോയി കഴുകുകയും വേണമെന്ന് മറ്റൊരാൾ പ്രതികരിച്ചു. ഭൂമികയുടെ പരാതിക്ക് ഐ.ആർ.സി.ടി.സി പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഭൂമികയുടെ പി.എൻ.ആർ, മൊബൈൽ നമ്പറുകൾ നൽകണമെന്നാണ് അധികൃതർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.