ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്ക് ഫ്രണ്ടാക്കി അറസ്റ്റ് ചെയ്ത് വനിതാ എസ്.ഐ
text_fieldsന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്കിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു പ്രതി. 24കാരനായ ഡല്‍ഹി മഹാവീർ എന്‍ക്ലേവ് സ്വദേശി ആകാശ് ജെയിനാണ് പിടിയിലായത്.
ഇയാളെ എഫ്.ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്.ഐ പ്രിയങ്ക സെയ്‌നി പിടികൂടിയത്. 16 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. പെൺകുട്ടിക്ക് ആകാശ് എന്ന പേരൊഴിച്ച് മറ്റൊന്നും അറിയുമായിരുന്നില്ല.
തന്‍റെ വീടിന്‍റെ അടുത്ത് താമസിച്ച പ്രതി ലൈംഗികമായി ചൂഷണം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. വിവിധ ഇടങ്ങളിലായി ആറ് പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് കണ്ടെത്തി.
ഫേസ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് പ്രിയങ്ക സെയ്‌നിയാണ്. ഫേസ്ബുക്കിൽ പുതിയ അക്കൗണ്ട് രൂപീകരിച്ച് ആകാശ് എന്ന പേരുള്ളവരെ പിന്തുടർന്ന് പ്രിയങ്ക അന്വേഷണം നടത്തുകയായിരുന്നു. 100ൽ പരം ഫേസ്ബുക് ഐ.ഡികളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.
ആദ്യം പ്രിയങ്കക്ക് ഫോൺ നമ്പർ തയാറാകാതിരുന്ന പ്രതിയുടെ വിശ്വാസം ആർജിച്ച എസ്.ഐ ഫോൺ നമ്പറും കരസ്ഥമാക്കി. പിന്നീട് നേരിൽ കാണുവാൻ തീരുമാനിച്ചപ്പോഴും പ്രതി പലതവണ സ്ഥലം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ മഫ്തിയിലെത്തിയ പൊലീസ് വിദഗ്ധമായി ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.