യു.പിയിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ; അശ്ലീല വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 40കാരിയായ മാതാവും മകളും തൂങ്ങിമരിച്ച നിലയിൽ. ഗോണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുമുറ്റത്തെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും െപാലീസ് പറഞ്ഞു.
22കാരിയായ മകളുടെയും മുൻ സുഹൃത്തിന്‍റെയും അശ്ലീയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മകളുടെ വിവാഹം കഴിഞ്ഞ ഡിസംബറിൽ കഴിഞ്ഞിരുന്നു. വിവാഹത്തിനുശേഷം യുവതിയുടെ സുഹൃത്തായിരുന്ന സത്യം ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. മാർച്ച് 22ന് ഇയാൾക്കൊപ്പമുള്ള വിഡിയോ യുവതിക്കും ഭർത്താവിനും അയച്ചുനൽകുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതോടെ ഭർത്താവുമായി തെറ്റിപിരിഞ്ഞ് സ്വന്തം വീട്ടിലെത്തി. മാതാവും മകളും ചൊവ്വാഴ്ച വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ബുധനാഴ്ച ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഗ്രാമവാസികളിലൊരാൾ പറഞ്ഞു.
ആത്മഹത്യ പ്രേരണ കുറ്റവും എസ്.സി/എസ്.ടി നിയമപ്രകാരവും സത്യത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി ഗോണ്ട എസ്.പി ശൈലേഷ് പാണ്ഡെ അറിയിച്ചു.
'യുവതിയും സത്യവും തമ്മിലുണ്ടായിരുന്ന ബന്ധം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് അയാൾ അപമര്യാദയായി പെരുമാറുകയും അശ്ലീല വിഡിയോ ചിത്രീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. പിന്നീട് ഈ വിഡിയോ കാട്ടി ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. യുവതി സത്യത്തിനൊപ്പം ജീവിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ വിഡിയോ ഭർത്താവിന് അയച്ചു നൽകുകയായിരുന്നു' -പാണ്ഡെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.