കോവിഡ്: ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു
text_fieldsഹൈദരാബാദ്: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സിക്കാൻ കൂട്ടാക്കാതെ ഡോക്ടർമാർ ആശുപത്രിയിൽനിന്നിറക്കി വിട്ട ഗർഭിണി റോഡിൽ കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു.
തെലങ്കാനയിലെ നാഗർകുർണൂൽ അച്ചംപേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പ്രസവമടുത്ത ഗർഭിണി ഇവിടെ ചികിത്സ തേടിയെത്തിയത്. അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി കോവിഡ് പിശോധനക്ക് വിധേയയാക്കിയപ്പോൾ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകണമെന്നും ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ആശുപത്രിക്ക് പുറത്തുള്ള റോഡിലിറങ്ങിയ യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവിടെ പ്രസവിക്കുകയായിരുന്നു. പ്രസവശേഷം യുവതിയെ അകത്തേക്ക് കൊണ്ടുവന്നതായും നവജാതശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ബന്ധപ്പെട്ട ജീവനക്കാർ കടുത്ത അനാസ്ഥയും ചട്ടലംഘനവുമാണ് കാണിച്ചതെന്ന് തെലങ്കാന വൈദ്യ വിധാന പരിഷത്ത് കമ്മീഷണർ ഡോ. കെ. രമേഷ് റെഡ്ഡി പറഞ്ഞു. സി.എച്ച്.സി സൂപ്രണ്ടിനെയും ഡ്യൂട്ടി ഡോക്ടറെയും അടിയന്തര പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തതാതയും അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാലും ഗർഭിണികൾക്ക് ഒരുകാരണവശാലും പ്രവേശനം നിഷേധിക്കരുതെന്ന് എല്ലാ സർക്കാർ ആശുപത്രികൾക്കും നേരത്തെതന്നെ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നാഗർകുർണൂൽ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.