തോക്കുചൂണ്ടി സെൽഫി എടുക്കുന്നതിനിടെ 25കാരി വെടിയേറ്റ് മരിച്ചു; കൊലപാതകമെന്നാരോപിച്ച് കുടുംബം
text_fieldsലഖ്നോ: ഭർതൃപിതാവിെൻറ തോക്ക് ഉപയോഗിച്ച് സെൽഫി എടുക്കുന്നതിനിടെ യുവതി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ജൂലൈ 22നാണ് സംഭവം.
25കാരിയായ രാധിക ഗുപ്തയാണ് മരിച്ചത്. പ്രഥമദൃഷ്ട്യ അപകടമരണമാണെങ്കിലും രാധികയുടെ പിതാവ് രാകേഷ് കൊലപാതമാണെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള കൊലപാതകമാെണന്ന് ചൂണ്ടിക്കാട്ടി രാകേഷ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മേയിലായിരുന്നു രാധികയുടെയും ആകാശ് ഗുപ്തയുടെയും വിവാഹം. യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ തോക്ക് പൊലീസിെൻറ കസ്റ്റഡിയിലായിരുന്നു. ജൂലൈ 22ന് മൂന്നുമണിയോടെ ആകാശ് തോക്ക് തിരികെ വാങ്ങി വീട്ടിലെത്തി. തുടർന്ന് തോക്ക് ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ രാധിക കൊല്ലപ്പെടുകയായിരുന്നു. തോക്കിൽ വെടിയുണ്ട നിറച്ചിരുന്നതായി രാധികക്ക് അറിയില്ലായിരുന്നുവെന്നും ആകാശിെൻറ പിതാവ് രാജേഷ് ഗുപ്തയുടെ പൊലീസ് പറഞ്ഞു.
വീടിെൻറ രണ്ടാം നിലയിലെ മുറിയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. തോക്ക് ചൂണ്ടി രാധിക സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഏകദേശം നാലുമണിയോടെ വെടിയൊച്ച കേട്ട് ഞങ്ങൾ മുകളിലെ നിലയിലെത്തി. രാധികക്ക് വെടിയേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാധികയുടെ ഫോണിലെ സെൽഫി കാമറ ഓണായിരുന്നുവെന്നും രാജേഷ് ഗുപ്ത പൊലീസിനോട് പറഞ്ഞു. തോക്ക് കണ്ടതോടെ രാധിക വളരെയധികം അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നതായി ആകാശ് പൊലീസിനോട് പറഞ്ഞു.
രാധികയുടെ മൊബൈൽ ഫോണും തോക്കും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
രാധിക മരിക്കുന്നതിന് സെക്കൻറുകൾക്ക് മുമ്പ് തോക്കുമായി നിൽക്കുന്ന ഒരു സെൽഫി ഫോണിൽ എടുത്തിട്ടുണ്ടായിരുന്നുവെന്നും ആദ്യപരിശോധനയിൽ കൊലപാതക സാധ്യത കാണുന്നില്ലെന്നും യുവതിയുടെ ശരീരത്തിൽ മറ്റു പാടുകളില്ലെന്നും പൊലീസ് പറഞ്ഞു. രാധികയുടെ പിതാവിെൻറ പരാതിയിൽ പൊലീസ് ഇതുവരെ ക്രിമിനൽ കുറ്റകൃത്യ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.